‘കാവല്‍ക്കാരന്‍ കള്ളനെന്ന് കോടതി കണ്ടെത്തി’; പരാമര്‍ശത്തില്‍ സുപ്രീംകോടതിയില്‍ ഖേദം പ്രകടിപ്പിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: റാഫേല്‍ കേസുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യ കേസില്‍ സുപ്രീംകോടതിയില്‍ ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രതികരണം തെരഞ്ഞെടുപ്പ് ചൂടില്‍ പറഞ്ഞതെന്ന് രാഹുല്‍ കോടതിയില്‍ വിശദമാക്കി. ബിജെപി നേതാവ് മീനാക്ഷി ലേഖി നല്‍കിയ കോടതിയലക്ഷ്യ കേസിലാണ് ഖേദം പ്രകടിപ്പിച്ചു രാഹുല്‍ ഗാന്ധി സത്യവാങ് മൂലം ഫയല്‍ ചെയ്തത്.

റഫാല്‍ കേസിലെ ഉത്തരവിന് ശേഷം, കാവല്‍ക്കാരന്‍ കള്ളനെന്ന് സുപ്രീംകോടതിക്ക് മനസ്സിലായെന്ന് രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് വേദിയില്‍ പ്രസ്താവിച്ചിരുന്നു. ഇതിന് എതിരെയാണ് ബിജെപി നേതാവ് കോടതി അലക്ഷ്യ ഹര്‍ജി നല്‍കിയത്.

നേരത്തെ റഫാല്‍ പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ സമാന്തര ചര്‍ച്ചയെ കുറിച്ച് പുറത്ത് വന്ന രേഖകള്‍ കൂടി പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചിരുന്നു. ഈ ഉത്തരവിനെയാണ് രാഹുല്‍ തെറ്റായി വ്യാഖ്യാനിച്ചത്. കാവല്‍ക്കാരന്‍ കള്ളനെന്ന് കോടതി കണ്ടെത്തി എന്നായിരുന്നു രാഹുല്‍ പറഞ്ഞത്.

അതെസമയം രാഹുല്‍ ഗാന്ധിയുടെ മറുപടി നാളെ സുപ്രീംകോടതി പരിഗണിക്കും

Exit mobile version