വളരെ അസ്വസ്ഥനായിരുന്നു, ഫോണ്‍ വിളിച്ചിട്ടൊന്നും എടുത്തില്ല, രാഹുലിന്റെ മരണവാര്‍ത്ത കേട്ട ഞെട്ടല്‍മാറാതെ സുഹൃത്തുക്കള്‍

കൊച്ചി: ഈറ്റ് കൊച്ചി ഈറ്റ് ഫുഡ് വ്‌ലോഗര്‍ രാഹുല്‍ എന്‍.കുട്ടിയുടെ മരണം ഉറ്റവരെയും സുഹൃത്തുക്കളെയും ആരാധകരെയും ഒരുപോലെ വേദനയിലാഴ്ത്തുകയാണ്. രാഹുല്‍ കഴിഞ്ഞ ദിവസം രാത്രി വളരെ അസ്വസ്ഥനായിരുന്നുവെന്ന് സുഹൃത്തുക്കളില്‍ ചിലര്‍ പറഞ്ഞു.

എന്നാല്‍ ആത്മഹത്യ ചെയ്യാന്‍ മാത്രം പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് സുഹൃത്തുക്കളും കുടുംബവും പറയുന്നത്. മാടവനയിലെ വീട്ടില്‍ കഴിഞ്ഞ ദിവസമാണ് രാഹുലിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വസ്ഥനായി വീട്ടിലെത്തിയ രാഹുലിനെ സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ചിരുന്നു.

also read: കൊച്ചിയില്‍ നാവിക സേനാ ഹെലികോപ്ടര്‍ അപകടം: നാവികന്‍ മരിച്ചു, ഒരാള്‍ക്ക് പരിക്കേറ്റു

ഇവര്‍ തുടരെ വിളിച്ചിട്ടും ഫോണ്‍ എടുക്കാതെ വന്നതോടെ 12 മണിയോടെ മാടവനയിലെത്തി രാഹുലിന്റെ അച്ഛനെ വിളിക്കുകയും രാഹുല്‍ ഫോണ്‍ എടുക്കുന്നില്ലെന്ന് പറയുകയുമായിരുന്നു. തുടര്‍ന്ന് അച്ഛന്‍ മുറിയില്‍ ചെന്നുനോക്കിയപ്പോളാണ് രാഹുലിനെ ബെഡ് ഷീറ്റില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. രാഹുലിന്റെ മരണത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് രാഹുലിന്റെ ഫോണ്‍ പരിശോധനയ്ക്കായി കൊണ്ടുപോയി.

Exit mobile version