ഹേമന്ദ് കര്‍ക്കറെ അപമാനിച്ച സംഭവം: ബിജെപി തള്ളിപ്പറഞ്ഞതോടെ പ്രസ്താവന പിന്‍വലിച്ച് പ്രജ്ഞാ സിംഗ്

ന്യൂഡല്‍ഹി: മുംബൈ ഭീകാരാക്രമണത്തിനിടെ കൊല്ലപ്പെട്ട തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ദ് കര്‍ക്കറെയ്‌ക്കെതിരായ പ്രസ്താവന പിന്‍വലിച്ച് ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞാ സിംഗ് താക്കൂര്‍. പ്രജ്ഞാ സിംഗിന്റെ പ്രസ്താവന വിവാദമായതോടെ ബിജെപി തള്ളിപ്പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രസ്താവന പിന്‍വലിച്ച് പ്രജ്ഞാസിംഗ് രംഗത്തെത്തിയത്. കര്‍ക്കറെയെപ്പറ്റി പ്രജ്ഞ പറഞ്ഞതു വ്യക്തിപരമായ അഭിപ്രായമെന്നു ബിജെപി നേരത്തെ പറഞ്ഞിരുന്നു.

ഭീകരരെ എതിരിട്ടാണ് കര്‍ക്കറെ വീരമൃത്യു വരിച്ചത്. അദ്ദേഹത്തെ എല്ലായ്‌പ്പോഴും രക്തസാക്ഷിയായാണു പാര്‍ട്ടി കാണുന്നത്. പ്രജ്ഞ സിംഗ് അനുഭവിച്ച മാനസികവും ശാരീരികവുമായ പീഡനങ്ങളാവും അവരെ അത്തരമൊരു പ്രസ്താവന നടത്താന്‍ പ്രേരിപ്പിച്ചതെന്ന് ബിജെപി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

മലേഗാവ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് കര്‍ക്കറെ തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് പ്രജ്ഞ സിംഗ് ആരോപിച്ചിരുന്നു. കേസ് അന്വേഷിക്കുന്ന സമയത്ത് തന്നോട് വളരെ മോശമായാണ് അയാള്‍ പെരുമാറിയിരുന്നത്. അതിന്റെ കര്‍മഫലമാണ് കര്‍ക്കരെ അനുഭവിച്ചതെന്നും അദ്ദേഹത്തിന് ജീവന്‍ നഷ്ടപ്പെട്ടത് തന്റെ ശാപം കൊണ്ടാണെന്നും പ്രജ്ഞ സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. പ്രജ്ഞയുടെ ഈ പ്രസ്താവനയാണ് വിവാദമായത്.

തന്നെ മലേഗാവ് സ്‌ഫോടന കേസില്‍പെടുത്തിയതോടെ അയാള്‍ കുടുംബമടക്കം നശിക്കുമെന്ന് ഞാന്‍ ശപിച്ചിരുന്നു. താന്‍ ജയിലിലായത് മുതല്‍ കര്‍ക്കറെയുടെ കഷ്ടക്കാലം തുടങ്ങിയെന്നും, കൃത്യം 45 ദിവസത്തിന് ശേഷം ഹേമന്ദ് കര്‍ക്കറെ കൊല്ലപ്പെടുകയാണ് ചെയ്തതെന്നും പ്രജ്ഞാ സിംഗ് പറഞ്ഞു.

Exit mobile version