മോഡിയെ കൈവിട്ട് കോണ്‍ഗ്രസിന് പരസ്യ പിന്തുണയുമായി മുകേഷ് അംബാനി; മുംബൈയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥന

മുംബൈ ഘടകം കോണ്‍ഗ്രസ് അധ്യക്ഷന്‍ മിലിന്ദ് ദേവ്‌റെയുടെ സ്ഥാനാര്‍ത്ഥിത്വത്തെ പരസ്യമായി പിന്തുണച്ചാണ് മുകേഷ് അംബാനി രംഗത്തെത്തിയത്.

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഏറ്റവും അടുത്ത സുഹൃത്തെന്ന് പ്രതിപക്ഷം വിശേഷിപ്പിക്കാറുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ മുകേഷ് അംബാനി ബിജെപിയെ കൈവിട്ടെന്ന് സൂചന. പരസ്യമായി കോണ്‍ഗ്രസിനെ പിന്തുണച്ച് അംബാനി സോഷ്യല്‍മീഡിയയിലൂടെ രംഗത്തെത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ പരന്നത്.

മുംബൈ ഘടകം കോണ്‍ഗ്രസ് അധ്യക്ഷന്‍ മിലിന്ദ് ദേവ്‌റെയുടെ സ്ഥാനാര്‍ത്ഥിത്വത്തെ പരസ്യമായി പിന്തുണച്ചാണ് മുകേഷ് അംബാനി രംഗത്തെത്തിയത്. മുംബൈ സൗത്തില്‍ സ്ഥാനാര്‍ത്ഥിയായ മിലിന്ദ് ദേവ്‌റേ പുറത്തിറക്കിയ പ്രചാരണ വീഡിയോയിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ പിന്തുണ അറിയിക്കുന്നത്. മണ്ഡലത്തിന് അനുയോജ്യനായ സ്ഥാനാര്‍ത്ഥിയാണ് മിലിന്ദെന്ന് മുകേഷ് അംബാനി വീഡിയോയില്‍ വ്യക്തമാക്കുന്നു.

മോഡി സര്‍ക്കാരിന്റെ ഭരണത്തില്‍ നേട്ടമുണ്ടാക്കിയത് അംബാനി കുടുംബം മാത്രമാണെന്ന തരത്തില്‍ കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നതിനിടെയാണ്, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് മുകേഷ് അംബാനി പരസ്യപിന്തുണ നല്‍കുന്നതെന്നതും ശ്രദ്ധേയമായി.

മുകേഷ് അംബാനിയുടെ സഹോദരന്‍ അനില്‍ അംബാനിയുടെ മുന്‍പരിചയമില്ലാത്ത കമ്പനിക്ക് ചട്ടങ്ങള്‍ കാറ്റില്‍ പറത്തി കേന്ദ്ര സര്‍ക്കാര്‍ റാഫേല്‍ യുദ്ധവിമാന നിര്‍മ്മാണ കരാര്‍ നല്‍കിയത് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് ആയുധവുമാണ്. കോണ്‍ഗ്രസിനെ പരസ്യമായി പിന്തുണച്ചതോടെ ഇനി അംബാനി സഹോദരന്മാര്‍ക്കെതിരെ കോണ്‍ഗ്രസ് ആരോപണം ഉയര്‍ത്തുമോ എന്നത് സംശയത്തിലാണ്.

Exit mobile version