രഹസ്യ പെട്ടിക്ക് പിന്നാലെ, മോഡിയുടെ ഹെലികോപ്റ്ററില്‍ പരിശോധന നടത്തിയ തെരഞ്ഞെടുപ്പ് നിരീക്ഷണ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍; അസ്വാഭാവികത ആരോപിച്ച് പ്രതിപക്ഷം

ഭുവനേശ്വര്‍: ഒഡീഷയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഹെലികോപ്റ്ററില്‍ പരിശോധന നടത്തിയ തെരഞ്ഞെടുപ്പ് നിരീക്ഷണ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് ഉത്തരവ്. ഈ നടപടി മൂലം പ്രധാനമന്ത്രിക്കു മിനുറ്റുകളോളം കാത്തിരിക്കേണ്ടി വന്നെന്നു കമ്മീഷന്‍ വ്യക്തമാക്കി.

ഒഡീഷയില്‍ ജനറല്‍ ഒബ്‌സര്‍വര്‍ ആയി നിയോഗിച്ചിരുന്ന കര്‍ണാടകയില്‍ നിന്നുള്ള മുഹമ്മദ് മുഹസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കൂടാതെ, മോഡിയുടെ ഹെലികോപ്റ്ററില്‍ ഫ്ളൈയിംഗ് സ്‌ക്വാഡ് അംഗങ്ങള്‍ പരിശോധന നടത്തിയത് ചട്ടലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തി. എസ്പിജി സുരക്ഷയുള്ളവര്‍ക്കായുള്ള മാഗനിര്‍ദേശങ്ങള്‍ക്കെതിരാണ് ഉദ്യോഗസ്ഥന്റെ നടപടിയെന്നും സസ്പെന്‍ഷന്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നതായും ഉത്തരവില്‍ പറയുന്നു.

അതേസമയം കമ്മീഷന്റെ നടപടിയില്‍ അസ്വാഭാവികതയുണ്ടെന്നു ആരോപിച്ചു കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ, സുരക്ഷാപരിശോധനയില്‍ ഉള്‍പ്പെടുത്താതെ കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ വെച്ച് ഒരു പെട്ടി രഹസ്യമായി മോഡിയുടെ വിമാനത്തില്‍ നിന്ന് സ്വകാര്യ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുന്നതിന്റെ വീഡിയോ പുറത്തു വന്നത് ഏറെ വിവാദമയിരുന്നു. ഇതിനുപിന്നാലെയാണ് മോഡിയുടെ ഹെലികോപ്റ്ററില്‍ പരിശോധന നടത്തിയത്. സ്വകാര്യ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയ പെട്ടിയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു.

Exit mobile version