അഭിനന്ദന്‍ വര്‍ദ്ധമാന്‍ ബിജെപി ഷാള്‍ ധരിച്ച് വോട്ട് ചോദിക്കുന്നെന്ന് സംഘപരിവാറിന്റെ വ്യാജ പ്രചാരണം! വീണ്ടും പൊളിഞ്ഞ് സോഷ്യല്‍മീഡിയ തന്ത്രം

അഭിനന്ദന്റെ മുഖ സാദ്യശ്യമുള്ള മറ്റൊരു വ്യക്തിയുടെ ചിത്രം അണിയിച്ചൊരുക്കിയായിരുന്നു പ്രചരണം.

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ ബിജെപിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കുന്നെന്ന വ്യാജപ്രചാരണവുമായി സംഘപരിവാര്‍. ബിജെപിയുടെ ഷാള്‍ ധരിച്ച് അഭിനന്ദന്‍ ബിജെപിക്കായി പ്രചാരണം നടത്തുന്നെന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിച്ച ചിത്രം വ്യാജമെന്ന് തെളിഞ്ഞു. ‘ബിജെപിക്ക് വേണ്ടി വോട്ട് ചെയ്യുക’ എന്ന ആഹ്വാനം ചെയ്തു ബിജെപിയുടെ താമര ചിഹ്നമുള്ള ഷാള്‍ അണിഞ്ഞു നില്‍ക്കുന്ന അഭിനന്ദനെന്ന് തോന്നിപ്പിക്കുന്ന രൂപസാദൃശ്യമുള്ള ആളുടെ ചിത്രമായിരുന്നു സംഘപരിവാര്‍ ഗ്രൂപ്പുകള്‍ വ്യാപകമായി പ്രചരിപ്പിച്ചത്.

അഭിനന്ദന്റെ മുഖസാദ്യശ്യമുള്ള മറ്റൊരു വ്യക്തിയുടെ ചിത്രം അണിയിച്ചൊരുക്കിയായിരുന്നു പ്രചരണം. അഭിനന്ദന്റെ അതേശൈലിയില്‍ മീശ വച്ച ഇയാള്‍ സണ്‍ഗ്ലാസും ധരിച്ച് താമര ചിഹ്നമുളള ഷാളുമായി നില്‍ക്കുന്ന ചിത്രം ഒറ്റ നോട്ടത്തില്‍ അഭിനന്ദന്‍ എന്ന് തോന്നിപ്പിക്കുന്നതാണ്. ചിത്രവും കുറിപ്പും നിമിഷം നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായത്.

എന്നാല്‍ സംഭവം പിടികിട്ടിയ സോഷ്യല്‍മീഡിയ, രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു ജവാന്റെ പേരില്‍ പ്രചരണം നടത്തുകയും വോട്ട് പിടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സംഘപരിവാറിനെതിരെ രംഗത്തെത്തി. ട്വിറ്ററില്‍ വലിയ രോഷമാണ് ഉയര്‍ന്നത്. ഇന്ത്യന്‍ വ്യോമസേനയുടെ 1969 നിയമപ്രകാരം സേനാംഗങ്ങള്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയും വോട്ടഭ്യര്‍ത്ഥിക്കാന്‍ പാടില്ലെന്നാണ് ചട്ടം.

Exit mobile version