ഇന്ത്യയില്‍ ഇനി ടിക് ടോക് ഇല്ല; പ്ലേ സ്‌റ്റോറില്‍ നിന്നും പിന്‍വലിച്ചു; കടുത്ത നടപടിയുമായി ഗൂഗിള്‍

ന്യൂഡല്‍ഹി: ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയില്‍ ഏറ്റവും ജനപ്രിയമായി തീര്‍ന്ന ചൈനീസ് വീഡിയോ ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ നിന്നും ഗൂഗിള്‍ പിന്‍വലിച്ചു. ഇന്നലെ അര്‍ധരാത്രിയോടെയാണ് പ്ലേ സ്റ്റോറില്‍ നിന്നും ടിക് ടോക് അപ്രത്യക്ഷമായത്. കോടതി ഉത്തരവിനെ തുടര്‍ന്നാണ് ചൈനീസ് ആപ്പിന്റെ ഡൗണ്‍ലോഡ് ഗൂഗിള്‍ തടഞ്ഞത്. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചതിന് പിന്നാലെ ആപ്പ് സ്റ്റോറുകളില്‍ നിന്നും ടിക് ടോക് ഉടന്‍ നീക്കം ചെയ്യാന്‍ ആപ്പിളിനോടും, ഗൂഗിളിനോടും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ആണ് ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ചത്. കേസ് ഏപ്രില്‍ 22ലേക്ക് മാറ്റി. അതേ സമയം കേസില്‍ ഇടക്കാലവിധി പുറപ്പെടുവിച്ച ടിക് ടോക് നിരോധിക്കണം എന്ന ഹര്‍ജി മധുര ഹൈക്കോടതി ബെഞ്ച് വീണ്ടും പരിഗണിക്കും.

കഴിഞ്ഞ ആഴ്ചയാണ് ടിക് ടോക് നിരോധിക്കണമെന്ന് കേന്ദ്രത്തോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടത്. ടിക് ടോക് പോണോഗ്രാഫിയെ പ്രോത്സാഹിപ്പിക്കുന്നെന്ന് കാണിച്ചാണ് മദ്രാസ് ഹൈക്കോടതി ഉത്തരവ്. കുട്ടികള്‍ ഉള്‍പ്പടെ ഉപയോഗിക്കുന്ന ഈ ആപ്പിലെ അശ്ലീല ഉള്ളടക്കം ചൂണ്ടിക്കാട്ടിയാണ് സാമൂഹ്യ പ്രവര്‍ത്തകനും അഭിഭാഷകനുമായ മുത്തുകുമാര്‍ മദ്രാസ് ഹൈക്കോടതിയില്‍ ടിക് ടോകിനെതിരെ ഹര്‍ജി നല്‍കിയത്.

Exit mobile version