’17 ദിവസം കൊണ്ട് ഞാന്‍ മനസിലാക്കി അവരുടെ അടിവസ്ത്രത്തിന്റെ നിറം കാക്കിയെന്ന്’; ജയപ്രദയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി അസംഖാന്‍; കേസെടുത്ത് പോലീസ്

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന വകുപ്പ് ചേര്‍ത്താണ് ജയപ്രദയ്ക്ക് നേരെ ലൈംഗിക പരാമര്‍ശം നടത്തിയ അസം ഖാനെതിരെ യുപി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ രാംപുര്‍ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ നടിയുമായ ജയപ്രദയ്‌ക്കെതിരെ എസ്പി നേതാവ് അസം ഖാന്‍ നടത്തിയ പരാമര്‍ശത്തില്‍ വിവാദം കത്തുന്നു. ജയപ്രദയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അസം ഖാനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

ഐപിസി സെക്ഷന്‍ 509 പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചുവെന്ന വകുപ്പ് ചേര്‍ത്താണ് ജയപ്രദയ്ക്ക് നേരെ ലൈംഗിക പരാമര്‍ശം നടത്തിയ അസം ഖാനെതിരെ യുപി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

രാംപുരിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് അസംഖാന്റെ വിവാദ പരാമര്‍ശമുണ്ടായത്. ‘കഴിഞ്ഞ 10 വര്‍ഷം നിങ്ങള്‍ അവരെ(ജയപ്രദ) നിങ്ങളുടെ പ്രതിനിധിയായി തെരഞ്ഞെടുത്തു. പക്ഷേ അവരെ തിരിച്ചറിയാന്‍ നിങ്ങള്‍ക്ക് 17 വര്‍ഷമെടുത്തെങ്കില്‍, വെറും 17 ദിവസം കൊണ്ടാണ് അവരുടെ അടിവസ്ത്രം കാക്കിയാണെന്ന് എനിക്ക് തിരിച്ചറിയാന്‍ സാധിച്ചത്’-എന്നായിരുന്നു അസം ഖാന്റെ പരാമര്‍ശം. പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലായിരുന്നു പ്രസ്താവന.

വിവാദ പരാമര്‍ശത്തിനു പിന്നാലെ, നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുകയായിരുന്നു. വിവാദ പരാമര്‍ശത്തിന് ഇരയായ ബിജെപി എംപി ജയപ്രദയും അസം ഖാനെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തി. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും അദ്ദേഹത്തെ വിലക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ‘അദ്ദേഹത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കരുത്. കാരണം ഇങ്ങനെയൊരാള്‍ ജയിച്ചാല്‍ ജനാധിപത്യത്തിന് എന്ത് സംഭവിക്കും? അത്തരമൊരു സമൂഹത്തില്‍ സ്ത്രീകള്‍ക്ക് സ്ഥാനമുണ്ടാകില്ല. ഞങ്ങള്‍ എങ്ങോട്ട് പോകും? ഞാന്‍ മരിക്കണോ? അപ്പോള്‍ നിങ്ങള്‍ക്ക് സമാധാനമാകുമോ? ഞാന്‍ പേടിച്ച് രാംപുര്‍ വീടുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടാകും, പക്ഷേ അങ്ങനെ ഒരിക്കലുമുണ്ടാകില്ല’- ജയപ്രദ അസം ഖാനോടായി പറഞ്ഞു.

എന്നാല്‍, താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും, അങ്ങനെ തെളിഞ്ഞാല്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറുമെന്നുമായിരുന്നു അസം ഖാന്റെ പ്രതികരണം.

Exit mobile version