മോഡി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ അമിത് ഷാ ആഭ്യന്തര മന്ത്രിയാകും; ശേഷം രാജ്യത്തിന്റെ അവസ്ഥ എന്താകുമെന്ന് ചിന്തിച്ച് നോക്കൂ; കെജരിവാള്‍

ഗോവയില്‍ ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പനജി: നരേന്ദ്ര മോഡി വീണ്ടും അധികാരത്തില്‍ വന്നാല്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയാകുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. അമിത് ഷാ അങ്ങനെ ആഭ്യന്തര മന്ത്രിയായാല്‍ രാജ്യത്തിന്റെ അവസ്ഥ എന്താകുമെന്ന് ഒന്ന് ചിന്തിച്ച് നോക്കണമെന്നും അദ്ദേഹം പറയുന്നു. ഗോവയില്‍ ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമിത് ഷാ ആഭ്യന്തര മന്ത്രി ആയാല്‍ ഗോവയുടെ സമ്പദ് വ്യവസ്ഥക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്നും നിലവില്‍ ആള്‍ക്കൂട്ട ആക്രമണങ്ങളൊന്നും ഇല്ലാത്ത സ്ഥലമാണ് ഗോവ. എന്നാല്‍ ഈ സ്ഥിതിയൊക്കെ മാറുമെന്നും കെജരിവാള്‍ പറയുന്നു. വിനോദ സഞ്ചാരികള്‍ ഇങ്ങോട്ടേക്ക് വരുന്നത് അവസാനിപ്പിക്കും. നിങ്ങളുടെ ജോലിയേയും സംരംഭങ്ങളേയും ഇത് കാര്യമായി ബാധിക്കുമെന്നും കെജരിവാള്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ഭരണഘടനയെ നശിപ്പിക്കുന്നതില്‍ നിന്ന് രക്ഷിക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണ് 2019.

1931-ല്‍ ജര്‍മനിയുടെ ചാന്‍സിലറായി തെരഞ്ഞെടുത്ത ആളാണ് അഡോള്‍ഫ് ഹിറ്റ്ലര്‍. മൂന്ന് മാസത്തിനകം അദ്ദേഹം ഭരണഘടന മാറ്റി എഴുതുകയും തെരഞ്ഞെടുപ്പ് അവസാനിപ്പിക്കുകയും ചെയ്തു. ഹിറ്റ്ലറെ മാതൃകയാക്കുകയാണ് ബിജെപിയുമെന്ന് അദ്ദേഹം ആരോപിച്ചു. ജീവിതകാലം മുഴുവന്‍ പ്രധാനമന്ത്രി ആകാമെന്നാണ് നരേന്ദ്ര മോഡിയുടെ ആഗ്രഹം. പാകിസ്താന്‍ പ്രധാമന്ത്രി ഇമ്രാന്‍ ഖാന്‍ മോഡി വീണ്ടും അധികാരത്തില്‍ വരണമെന്നാണ് ആഗ്രഹിക്കുന്നത്. എന്താണ് മോഡിയും ഇമ്രാന്‍ ഖാനും തമ്മിലുള്ള ബന്ധം. ഇമ്രാന്‍ ഖാന്‍ എന്ത് കൊണ്ടാണ് ഉത്കണ്ഠപ്പെടുന്നത്. മോഡി ജയിക്കണമെന്ന് എന്ത് കൊണ്ട് അദ്ദേഹം ആഗ്രഹിക്കുന്നു. പാകിസ്താന് മോഡി പ്രിയങ്കരനായ പ്രധാമന്ത്രിയാണ്. അഞ്ച് വര്‍ഷം കൊണ്ട് മോഡിയും അമിത് ഷായും ഇന്ത്യന്‍ സമൂഹത്തെ ഭിന്നിപ്പിച്ചു-കെജരിവാള്‍ തുറന്നടിച്ചു.

Exit mobile version