ആകെയുള്ളത് 35 വോട്ടര്‍മാര്‍; തയ്യാറാക്കിയത് രണ്ട് പ്രത്യേക പോളിങ് ബൂത്തുകള്‍; ഏറെ കാത്തിരുന്നിട്ടും ആരും വന്നില്ല; ആദിവാസികളെ വോട്ടെടുപ്പിന് ആകര്‍ഷിക്കാനാകാതെ ഉദ്യോഗസ്ഥര്‍

കൊല്‍ക്കത്ത: ആന്‍ഡമാന്‍ ദ്വീപിലെ ആദിവാസി സമൂഹത്തെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാക്കാനാകാതെ സര്‍ക്കാര്‍. ഒന്നാംഘട്ട പോളിങിനിടെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ ഷോംപെന്‍ ആദിവാസികള്‍ക്കായി മാത്രം പ്രത്യേകമായി രണ്ട് പോളിങ് ബൂത്തുകള്‍ നിര്‍മ്മിച്ച് കാത്തിരുന്നെങ്കിലും വോട്ട് ചെയ്യാന്‍ ആരുമെത്തിയില്ല.

35ഓളം ഷോംപെന്‍ ആദിവാസികള്‍ക്ക് ആന്‍ഡമാനില്‍ വോട്ടര്‍ ഐഡി കാര്‍ഡും വോട്ടവകാശവുമുണ്ട്. പുറംലോകവുമായി ബന്ധം പുലര്‍ത്താത്ത ഷോംപെനുകള്‍ ഗ്രേറ്റ് നിക്കോബാറിലെ ബയോസ്ഫിയര്‍ റിസര്‍വിലാണ് കാണപ്പെടുന്നത്. അവരുടെ ആവാസവ്യവസ്ഥയിലേക്ക് കയറി ചെന്ന് വോട്ടെടുപ്പില്‍ പങ്കാളികളാകണമെന്ന് നിര്‍ബന്ധിക്കാനാകില്ലെങ്കിലും, മധ്യസ്ഥനെ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തുന്നതിന്റെ ആവശ്യകത ഇവരെ ബോധ്യപ്പെടുത്താന്‍ പോളിങ് ഉദ്യോഗസ്ഥര്‍ പ്രത്യേക ക്ലാസ് എടുത്തു കൊടുത്തിരുന്നു. ഇവരെ ആകര്‍ഷിക്കാനായി കുടിലുകളുടെ രൂപത്തില്‍ പ്രത്യേക പോളിങ് ബൂത്തും സജ്ജീകരിച്ചിരുന്നു.

എന്നാല്‍ കേന്ദ്രഭരണ പ്രദേശമായ ആന്‍ഡമാന്‍-നിക്കോബാറിലെ ഒരേയൊരു പാര്‍ലമെന്റ് മണ്ഡലത്തിലേക്കുള്ള വോട്ട് രേഖപ്പെടുത്താന്‍ ഒരു ഷോംപെന്‍ ആദിവാസി പോലും എത്തിയില്ല. ദ്വീപ് ചരിത്രത്തില്‍ തന്നെ ആദ്യമായി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 107 വോട്ടര്‍മാരില്‍ രണ്ടുപേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. ഇത്തവണ, കാംബെല്‍ തീരത്തെ ലക്ഷ്മി നഗറില്‍ നടത്തിയ നിരവധി വോട്ടെടുപ്പ് വര്‍ക്ക്‌ഷോപ്പുകളില്‍ ഉദ്യോഗസ്ഥര്‍ക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ 35 ഷോംപെന്‍ സമ്മതിദായകരില്‍ ഒരാള്‍ പോലും വോട്ട് രേഖപ്പെടുത്താനെത്തിയില്ല.

ശിലായുഗ കാലത്തുണ്ടായിരുന്ന ഇന്നും നിലനില്‍ക്കുന്ന അവസാനത്തെ ആദിവാസി സമൂഹമാണ് ഷോംപെന്‍. ഗ്രേറ്റ് നിക്കോബാര്‍ ദ്വീപിലെ നിക്കോബാര്‍ ജില്ലയിലേക്ക് 560 കിലോമീറ്റര്‍ ദൂരെയുള്ള പോര്‍ട്ട് ബ്ലെയറില്‍ നിന്നും ഹെലികോപ്റ്ററിലാണ് ഇങ്ങോട്ട് ഉദ്യോഗസ്ഥരെ എത്തിച്ചത്.

Exit mobile version