പാകിസ്താന്‍ ജനറലിനേയും ഇമ്രാന്‍ ഖാനേയും കാണാന്‍ കാത്തിരിക്കുന്ന രാഹുലും മമതയും; വിവാദ ചിത്രത്തിനു പിന്നില്‍

ഇങ്ങനെയുണ്ടോ ഒരു സംഘപരിവാര്‍ ഫോട്ടോഷോപ്പ്! പാകിസ്താന്‍ ജനറലിനേയും ഇമ്രാന്‍ ഖാനേയും കാണാന്‍ കാത്തിരിക്കുന്ന രാഹുലും മമതയും; സോഷ്യല്‍ മീഡിയയില്‍ വൈറലായ വിവാദ ചിത്രത്തിനു പിന്നില്‍

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ ദേശീയതയും പ്രധാന പ്രചാരണ വിഷയമായതോടെ ‘പാകിസ്താനോടുള്ള സ്‌നേഹം’ എതിരാളിക്കു നേരെ ഉപയോഗിക്കാന്‍ സാധിക്കുന്ന ഏറ്റവും നല്ല ആയുധമായാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ കണക്കാക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ബിജെപിയുടെ മുഖ്യ ആയുധവും ഇതൊക്കെ തന്നെയാണ്. ഇതിനിടെയാണ് പാകിസ്താന്‍ ആര്‍മി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയേയും പ്രധാനമന്ത്രി ഇമ്രാന്‍ ഖാനേയും കാണാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കാത്തിരിക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായത്.

വ്യാജചിത്രമെന്ന് ഒറ്റയടിക്ക് തന്നെ ബോധ്യപ്പെടുമെങ്കിലും സോഷ്യല്‍മീഡിയയുടെ ഈ കള്ളത്തരത്തില്‍ വീണുപോയത് 5000ത്തോളം ആളുകളാണ്. ഫേസ്ബുക്കിലും ട്വിറ്ററിലും വലിയ തോതില്‍ ഈ ചിത്രം കഴിഞ്ഞദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. 2019 ഏപ്രില്‍ നാലിന് പാക് ആര്‍മി ജനറലും ഇമ്രാന്‍ ഖാനും ചേര്‍ന്ന യോഗത്തിനിടയില്‍ എടുത്ത ചിത്രത്തില്‍ രാഹുലിന്റേയും മമതയുടേയും ചിത്രം എഡിറ്റ് ചെയ്ത് ചേര്‍ത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുകയായിരുന്നു. ഏപ്രില്‍ ഏഴിന് ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ പ്രസിദ്ധീകരിച്ച ഈ ഫോട്ടോ 4500 ലേറെ തവണയാണ് ഷെയര്‍ ചെയ്യപ്പെട്ടത്.

പാക് പ്രധാനമന്ത്രി സൈനിക മേധാവിയുമായി ചര്‍ച്ച നടത്തുന്നതിനിടെ മുറിയുടെ മൂലയില്‍ അദ്ദേഹത്തിനുവേണ്ടി കാത്തിരിക്കുന്ന രാഹുലും മമതയും എന്നു പറഞ്ഞാണ് ഫേസ്ബുക്കില്‍ ഈ ഫോട്ടോ വ്യാപകമായി പങ്കുവെയ്ക്കുന്നത്. രാഹുലിനും മമതയ്ക്കും പുറമേ പഞ്ചാബ് മന്ത്രി നവജ്യോത് സിങ് സിദ്ദു, ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് ചേക്കേറിയ ശത്രുഘ്നന്‍ സിന്‍ഹ എന്നിവരെയും ഫോട്ടോയില്‍ കാണാം.

പാകിസ്താന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റു ചെയ്ത ചിത്രമാണിതെന്ന് ഗൂഗിള്‍ വ്യക്തമാക്കുന്നു.

Exit mobile version