അമിത് ഷായ്ക്ക് പിന്നാലെ രാഹുലിനും ചെക്കുവെച്ച് മമത ബാനര്‍ജി; രാഹുലിന്റെ ഹെലികോപ്റ്ററിന് ബംഗാളില്‍ ഇറങ്ങുന്നതിനുള്ള അനുമതി നിഷേധിച്ചു

അനുമതി സമീപ ദിവസത്തില്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന കോണ്‍ഗ്രസ് എന്നും റിപ്പോര്‍ട്ടുണ്ട്

കൊല്‍ക്കത്ത: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഹെലികോപ്റ്ററിന് ബംഗാളില്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്ററിനും ഇറങ്ങാന്‍ അനുമതി നിഷേധിച്ച് മമത ബാനര്‍ജി സര്‍ക്കാര്‍.

സിലിഗുരിയില്‍ ഏപ്രില്‍ 14ന് നടക്കുന്ന റാലിയില്‍ പങ്കെടുക്കാന്‍ എത്തുന്ന രാഹുലിന്റെ ഹെലികോപ്റ്ററിന്റെ ലാന്റിംഗ് അനുമതിയാണ് നിഷേധിച്ചത്. അതേസമയം വാര്‍ത്തയോട് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറായിട്ടില്ല. അനുമതി സമീപ ദിവസത്തില്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന കോണ്‍ഗ്രസ് എന്നും റിപ്പോര്‍ട്ടുണ്ട്. സാങ്കേതികമാണെന്നും രാഷ്ട്രീയവത്കരിക്കേണ്ട ആവശ്യമില്ലെന്നുമാണ് ചില പ്രദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ബംഗാളി മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഏപ്രില്‍ 10ന് ബംഗാളില്‍ നടന്ന റാലിയില്‍ രാഹുല്‍ ഗാന്ധി മമതാ ബാനര്‍ജിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് ഒരിക്കലും ബിജെപിയും സഖ്യം ഉണ്ടാക്കില്ല, പക്ഷെ മമത ഉണ്ടാക്കും. അവര്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇടത് ഭരണകാലത്തെ അടിച്ചമര്‍ത്തലാണ് മമത പുറത്ത് എടുക്കുന്നതെന്നുമായിരുന്നു രാഹുലിന്റെ വിമര്‍ശനം. ഇതാകാം രാഹുലിന് ലാന്റിംഗ് നിഷേധിക്കാന്‍ കാരണമായതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നത്. നേരത്തെ ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് ലാന്റിംഗ് അനുമതി നിഷേധിച്ചത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.

Exit mobile version