ബിജെപി ഉള്ളിടത്തോളം കേരളത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാനാവില്ല: യുഡിഎഫും എല്‍ഡിഎഫും ജനങ്ങളെ കൊള്ളയടിയ്ക്കുന്നു; പ്രധാനമന്ത്രി

കോഴിക്കോട്: ബിജെപി കേരളത്തിലെ ജനങ്ങളുടെ വിശ്വാസ സംരക്ഷണത്തിന് ഒപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന വിജയ് സങ്കല്‍പ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോഡി.

വൈകീട്ട് ആറരയോടെ പ്രത്യേക വിമാനത്തില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹം റോഡുമാര്‍ഗം കോഴിക്കോട് കടപ്പുറത്തെ എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലെത്തി. എല്ലാ മലയാളികള്‍ക്കും എന്റെ വിഷു ആശംസകള്‍’ എന്ന് പറഞ്ഞാണ് മോഡി പ്രസംഗം തുടങ്ങിയത്.

നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഇവിടുത്തെ ആചാരാനുഷ്ഠാനവും വിശ്വാസങ്ങളും സുപ്രീംകോടതിക്ക് മുമ്പാകെ വയ്ക്കും. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ചില ശക്തികള്‍ ആചാരം ലംഘിക്കാന്‍ നോക്കി. യുഡിഎഫും എല്‍ഡിഎഫും കേരളത്തിലെ ആചാരങ്ങള്‍ തകര്‍ക്കാമെന്ന് കരുതിയെങ്കില്‍ അവര്‍ക്ക് തെറ്റിയെന്നും മോഡി വ്യക്തമാക്കി. ബിജെപി ഉള്ളിടത്തോളം ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രസംഗത്തിനിടെ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ അഴിമതി ആരോപണങ്ങളും മോഡി ഉന്നയിച്ചു. തുഗ്ലക്ക് റോഡില്‍ താമസിക്കുന്ന ഉന്നത കോണ്‍ഗ്രസ് നേതാവ് ആരാണെന്ന് അറിയാമോ? ഉത്തരേന്ത്യയില്‍ നടക്കുന്ന റെയ്ഡുകളില്‍ കെട്ട് കെട്ടായി നോട്ട് പിടികൂടുകയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി മാറ്റി വച്ച പണമാണ് ഇതിനായി ഉപയോഗിച്ചത്. നാണക്കേടാണിത് – മോഡി പറഞ്ഞു.

Exit mobile version