അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനം; ‘പിഎം നരേന്ദ്ര മോഡി’യുടെ റിലീസ് തടഞ്ഞതിന് എതിരെ നിര്‍മ്മാതാക്കള്‍ സുപ്രീംകോടതിയില്‍

തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കാന്‍ ശ്രമിക്കാം എന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.

ന്യൂഡല്‍ഹി; പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കഥ പറയുന്ന ‘പിഎം നരേന്ദ്ര മോഡി’യുടെ റിലീസ് തടഞ്ഞതിന് എതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. ചിത്രത്തിന്റെ റിലീസ് തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്ക് എതിരെയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് കമ്മീഷന്‍ നടപടി എന്ന് ചൂണ്ടിക്കാട്ടി ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ആണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കാന്‍ ശ്രമിക്കാം എന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് സിനിമയുടെ പ്രദര്‍ശനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞത്. തെരഞ്ഞെടുപ്പ് കഴിയും വരെ ചിത്രം റിലീസ് ചെയ്യരുതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടത്. നീതിയുക്തമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് നടപടിയെന്നും കമ്മീഷന്‍ അറിയിച്ചു.

സിനിമ തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ചിത്രം ഏപ്രില്‍ 11ന് റിലീസ് ചെയ്യാനായിരുന്നു നിര്‍മ്മാതാക്കള്‍ തിരുമാനിച്ചിരുന്നത്.

Exit mobile version