രാജ്യത്ത് അച്ഛാ ദിന്‍ വന്നു കഴിഞ്ഞു, മോഡി സര്‍ക്കാരിന്റെ കഠിന പ്രയത്‌നം കൊണ്ടാണ് ഇത് സാധിച്ചത്… അദ്ദേഹത്തോട് നന്ദി പറയുന്നു: ബിജെപി

കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ രാജ്യത്ത് അഴിമതി ചെയ്യുന്നതിനായിരുന്നു എളുപ്പം, പക്ഷേ, ഇപ്പോള്‍ അത് ബിസിനസ് ചെയ്യുന്നതിനാണെന്നും സംബിത് പത്ര പറഞ്ഞു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി വാഗ്ദാനം ചെയ്തതുപോലെ ഇന്ത്യയില്‍ അച്ഛാ ദിന്‍ വന്നു കഴിഞ്ഞെന്ന് ബിജെപി വക്താവ് സംബിത് പത്ര പറഞ്ഞു. മോഡി സര്‍ക്കാരിന്റെ കഠിന പ്രയത്‌നം കൊണ്ടാണ് ഇത് സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുഗമമായി ബിസിനസ് ചെയ്യാന്‍ സാധിക്കുന്ന രാജ്യങ്ങളുടെ പട്ടിക ലോക ബാങ്ക് പുറത്ത് വിട്ടതില്‍ ഇന്ത്യ വലിയ കുതിപ്പാണ് നടത്തിയതെന്നും, 2014ല്‍ 142-ാം സ്ഥാനത്ത് ആയിരുന്ന ഇന്ത്യ ഇപ്പോള്‍ 65 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 77-ാം സ്ഥാനത്ത് എത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ രാജ്യത്ത് അഴിമതി ചെയ്യുന്നതിനായിരുന്നു എളുപ്പം. പക്ഷേ, ഇപ്പോള്‍ അത് ബിസിനസ് ചെയ്യുന്നതിനാണെന്നും സംബിത് പത്ര പറഞ്ഞു.

കുറച്ച് സമയത്തിനുള്ളില്‍ ദൂര്‍ബലരായ അഞ്ച് രാജ്യങ്ങളില്‍ നിന്ന് കരുത്തുറ്റ അഞ്ച് രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യ മാറുമെന്നും ലോക ബാങ്ക് റാങ്കിലെ ഇന്ത്യയുടെ കുതിപ്പിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നന്ദി പറയുന്നെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാരിന്റെ കഠിന പ്രയ്തനം കൊണ്ടാണ് ഇത് സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version