ബികോമിന് ചേര്‍ന്നു; പൂര്‍ത്തിയാക്കാനായില്ല; യോഗ്യത സെക്കന്‍ഡറി വിദ്യാഭ്യാസം; വെളിപ്പെടുത്തി സ്മൃതി ഇറാനി; 2014ലെ ബിരുദമെവിടെയെന്ന് സോഷ്യല്‍മീഡിയ

ന്യൂഡല്‍ഹി: ഏറെ വിവാദമായ സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതയില്‍ ഒടുവില്‍ സ്ഥിരീകരണം. താന്‍ ബിരുദധാരിയല്ലെന്നും സീനിയര്‍ സെക്കന്ററി വിദ്യാഭ്യാസം മാത്രമുള്ളൂവെന്നും സ്മൃതി വെളിപ്പെടുത്തിയിരിക്കുകയാണ്. അമേഠിയില്‍ സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലാണ് കേന്ദ്ര ടെക്‌സ്റ്റൈല്‍സ് വകുപ്പ് മന്ത്രിയായ സ്മൃതിയുടെ വെളിപ്പെടുത്തല്‍.

1991-ല്‍ സെക്കന്ററി വിദ്യാഭ്യാസവും 1993 സീനിയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. 1994-ല്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെ ബികോം ബിരുദ കോഴ്സിന് ചേര്‍ന്നെങ്കിലും അത് പൂര്‍ത്തിയാക്കിയിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

അതേസമയം, 2014ലെ തെരഞ്ഞെടുപ്പിനായി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബിരുദമുണ്ടെന്നാണ് സ്മൃതി വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍, ഇത്തവണ സീനിയര്‍ സെക്കന്ററി വിദ്യാഭ്യാസം മാത്രമുള്ളൂവെന്ന വെളിപ്പെടുത്തല്‍ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയാണ്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ യുപിയിലെ അമേഠിയില്‍ ഇന്നലെയാണ് കേന്ദ്രമന്ത്രി പത്രിക സമര്‍പ്പിച്ചത്. 4.71 കോടി രൂപ ആസ്തിയുണ്ടെന്നാണ് പത്രികക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 1.75 കോടിയുടെ ജംഗമസ്വത്തും 2.96 കോടിയുടെ സ്ഥാവര സ്വത്തുമാണ് മന്ത്രിക്കുള്ളത്. ഇതില്‍ 1.45 കോടിയുടെ കൃഷിഭൂമിയും 1.50 കോടിയുടെ പാര്‍പ്പിടവും ഉള്‍പ്പെട്ടിട്ടുണ്ട്. 13.14 ലക്ഷം രൂപ വിലമതിക്കുന്ന വാഹനവും 21 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും സ്വന്തം പേരിലുണ്ട്.

കൈയില്‍ പണമായിട്ടുള്ളത് 6.24 ലക്ഷം രൂപയും ബാങ്ക് അക്കൗണ്ടുകളില്‍ 89 ലക്ഷം രൂപയുമുണ്ട്. ഇത് കൂടാതെ 18 ലക്ഷം രൂപ ദേശീയ സമ്പാദ്യ പദ്ധതിയിലും പോസ്റ്റല്‍ നിക്ഷേപത്തിലുമായി ഉണ്ട്. 1.05 ലക്ഷം രൂപയുടെ മറ്റൊരു നിക്ഷേപവും സ്മൃതി ഇറാനിക്കുണ്ട്.

Exit mobile version