ജനാധിപത്യത്തിലും അട്ടിമറി? ബീഫിന്റെ പേരില്‍ ഗോ രക്ഷാ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ മുഹമ്മദ് അഖ്‌ലാഖിന്റെ ബന്ധുക്കളാരും വോട്ടര്‍ പട്ടികയിലില്ല

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ പശു മോഷണം ആരോപിച്ച് ഗോരക്ഷാ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ മുഹമ്മദ് അഖ്ലാഖിന്റെ ബന്ധുക്കളുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും കാണാതായി. ഗൗതം ബുദ്ധ് നഗറിലെ വോട്ടര്‍ ലിസ്റ്റില്‍ നിന്നാണ് ഇവര്‍ പുറത്തായത്. അഖ്ലാഖിന്റെ കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താണ്.

അതേസമയം, മാസങ്ങളായി ഈ കുടുംബം ബിസാര ഗ്രാമത്തില്‍ താമസിക്കുന്നില്ലെന്നും അതിനാലാണ് വോട്ടര്‍ പട്ടികയില്‍ നിന്നും പുറത്താക്കിയതെന്നും ഗൗതം ബുദ്ധ് നഗറിലെ ബ്ലോക്ക് ലെവല്‍ ഓഫീസര്‍ വിശദീകരിക്കുന്നു.

2015ലാണ് ദാദ്രിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി അഖ്ലാഖ് കൊല്ലപ്പെട്ടത്. പശു മോഷണം ആരോപിച്ച് ആള്‍ക്കൂട്ടം വീട്ടില്‍ കയറി അഖ്ലാഖിനെ വലിച്ചിറക്കി തല്ലിക്കൊല്ലുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ സംഘടനകളുമായി ബന്ധമുള്ളവരെ പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു. അറസ്റ്റിലായ ഇവരെ പിന്നീട് പുറത്തുവിടുകയും സര്‍ക്കാര്‍ ജോലികള്‍ ഉള്‍പ്പടെയുള്ളവ നല്‍കി യോഗി സര്‍ക്കാര്‍ കുറ്റകൃത്യത്തെ ലഘൂകരിച്ച് കാണുകയും ചെയ്തിരുന്നു.

അതേസമയം, തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ, കേസിലെ മുഖ്യപ്രതി വിശാല്‍ സിങ് റാണയെ വേദിയുടെ മുന്‍നിരയിലിരുത്തി യോഗി ആദിത്യനാഥ് ഗോസംരക്ഷണത്തെ ന്യായീകരിച്ച് സംസാരിച്ചത് ഏറെ വിവാദമായിരുന്നു.

Exit mobile version