പോളിങ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നമോ ഭക്ഷണപ്പൊതികള്‍ നല്‍കി; നിയമലംഘനമെന്ന് പ്രതിപക്ഷം

നമോ ഫുഡ്‌സ് ബിജെപിയുമായോ പ്രധാനമന്ത്രിയുമായോ യാതൊരു ബന്ധമില്ലെന്നും ഈ പേരില്‍ സ്ഥാപനമുണ്ടെന്നും വാദിച്ച് നിരവധി പേര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്

നോയിഡ: നമോ ഭക്ഷണപ്പൊതികള്‍ നല്‍കിയതിനെചൊല്ലി വിവാദം. നോയിഡയിലെ സെക്ടര്‍ 15-ലെ പോളിങ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നമോ ഭക്ഷണപ്പൊതികള്‍ നല്‍കിയതിനെചൊല്ലിയാണ് വിവാദമുണ്ടായത്. നിയമം ലംഘിച്ചുകൊണ്ടാണ് ഇവിടെ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തത്.

പോളിങ് സ്റ്റേഷന്റെ 200 മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ രാഷ്ട്രീയപാര്‍ട്ടികളുടെയോ സ്ഥാനാര്‍ത്ഥികളുടെയോ നേതാക്കളുടെയോ പേരോ ചിത്രങ്ങളോ പാടില്ലെന്ന നിയമമാണ് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തതിലൂടെ ബിജെപി ലംഘിച്ചിരിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടി പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്.

ഈ ഭക്ഷണപ്പൊതികള്‍ക്ക് പുറത്ത് നമോ ഫുഡ്‌സ് എന്ന് ഹിന്ദിയില്‍ എഴുതിയിരുന്നെന്നും ഇത് പ്രധാനമന്ത്രിയുടെ പേരിനെയാണ് പ്രതിനിധീകരിക്കുന്നതെന്നുമാണ് ഇവരുടെ ആരോപണം. എന്നാല്‍ നമോ ഫുഡ്‌സ് ബിജെപിയുമായോ പ്രധാനമന്ത്രിയുമായോ യാതൊരു ബന്ധമില്ലെന്നും ഈ പേരില്‍ സ്ഥാപനമുണ്ടെന്നും വാദിച്ച് നിരവധി പേര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

Exit mobile version