‘പിഎം നരേന്ദ്ര മോഡി’; ചിത്രത്തിന്റെ റിലീസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയും വരെ ചിത്രം റിലീസ് ചെയ്യരുതെന്നാണ് കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിത കഥ പറയുന്ന ബോളിവുഡ് ചിത്രം ‘പിഎം നരേന്ദ്ര മോഡി’യുടെ റിലീസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു. ചിത്രം നാളെ റിലീസ് ചെയ്യാനിരിക്കവേയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയും വരെ ചിത്രം റിലീസ് ചെയ്യരുതെന്നാണ് കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ‘പിഎം നരേന്ദ്ര മോഡി’യുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണോ എന്ന് പരിശോധിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.

ഒമങ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ബോളിവുഡ് താരം വിവേക് ഒബ്റോയി ആണ് മോഡിയെ അവതരിപ്പിക്കുന്നത്. മോഡിയുടെ കുട്ടിക്കാലം മുതല്‍ പ്രധാനമന്ത്രി പദത്തിലെത്തുന്നത് വരെയുള്ള കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഗുജറാത്ത്, ഉത്തരാഖണ്ഡ്, മുംബൈ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്.

Exit mobile version