രാജ്യവ്യാപകമായി റെയ്ഡ് നടത്തി ഭയപ്പെടുത്താന്‍ മോഡി സര്‍ക്കാര്‍; ആദായ നികുതി വകുപ്പ് ചെയര്‍മാനെ വിളിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ രാജ്യവ്യാപകമായി ആദായനികുതി വകുപ്പ് നടത്തുന്ന റെയ്ഡില്‍ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ആദായ നികുതി ബോര്‍ഡ് ചെയര്‍മാനെയും റവന്യൂ സെക്രട്ടറിയെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിപ്പിച്ചു.

ആദായ നികുതി വകുപ്പിനെ ഉപയോഗിച്ച് മോഡി സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന് മുമ്പ് തങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളായ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുടെ മായാവതി, കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് എന്നിവര്‍ക്കെതിരെയാണ് ആദായനികുതി വകുപ്പിന്റെ നീക്കങ്ങളില്‍ അധികവും. പ്രധാനമന്ത്രി പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

അതേസമയം, റെയ്ഡിനെ കുറിച്ച് വിശദീകരിക്കാന്‍ റവന്യൂ സെക്രട്ടറി എബി പാണ്ഡേ, സിഡിബിടി ബോര്‍ഡ് ചെയര്‍മാന്‍ പിസി മോഡി എന്നിവര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. റെയ്ഡുകള്‍ മുന്‍കൂട്ടി അറിയിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്‍ഫോഴ്‌സ്‌മെന്റിനും ആദായനികുതി വകുപ്പിനും കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. നടപടികള്‍ നിഷ്പക്ഷമായിരിക്കണമെന്നും കമ്മീഷന്‍ വിശദമാക്കിയിരുന്നു.

Exit mobile version