‘പിഎം നരേന്ദ്ര മോഡി’യുടെ റിലീസ് തടയണം; ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് ചിത്രത്തില്‍ നരേന്ദ്ര മോഡിയുടെ വേഷത്തില്‍ എത്തുന്നത്

ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ ജീവിത കഥ പറയുന്ന ബോളിവുഡ് ചിത്രം ‘പിഎം നരേന്ദ്ര മോഡി’യുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചിത്രത്തിന്റെ റിലീസ് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് കാണിച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

അതേ സമയം ചിത്രം റിലീസ് ചെയ്താല്‍ അത് തെരഞ്ഞെടുപ്പിനെ എങ്ങനെ സ്വാധീനിക്കും എന്ന് അറിയിക്കാന്‍ ഹര്‍ജിക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകന് ഒരു ദിവസത്തെ സമയം സുപ്രീംകോടതി നല്‍കിയിരുന്നു. ചിത്രത്തിന് സെന്‍സര്‍ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലാത്ത സാഹചര്യത്തില്‍ കേസില്‍ ഇടപെടാനാകില്ലെന്ന് ഇന്നലെ കോടതി വ്യക്തമാക്കിയിരുന്നു. ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെയും കക്ഷി ചേര്‍ത്തിട്ടുണ്ട്.

ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് ചിത്രത്തില്‍ നരേന്ദ്ര മോഡിയുടെ വേഷത്തില്‍ എത്തുന്നത്. ചിത്രം ഏപ്രില്‍ 11 ന് റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്. മോഡിയുടെ കുട്ടിക്കാലം മുതല്‍ പ്രധാനമന്ത്രി പദവി വരെയുള്ള കാര്യങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Exit mobile version