കേസില്ലാതെയും ഇനിമുതല്‍ സുപ്രീംകോടതിയില്‍ കയറാം; പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനത്തിന് അനുമതി

ഇതുവരെ അഭിഭാഷകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മറ്റ് സ്റ്റാഫുകള്‍ക്കും പിന്നെ കേസുമായി വരുന്നവര്‍ക്കും മാത്രമായിരുന്നു സുപ്രീംകോടതിയില്‍ പ്രവേശനം അനുവദിച്ചിരുന്നുള്ളു

ഡല്‍ഹി: ആദ്യമായി പൊതുജനങ്ങള്‍ക്കും സന്ദര്‍ശനാനുമതി നല്‍കി സുപ്രീംകോടതി.പൊതുഅവധിയല്ലാത്ത എല്ലാ ശനിയാഴ്ചയുമാണ് പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി നല്‍കിയിരിക്കുന്നത്.

ഇതുവരെ അഭിഭാഷകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മറ്റ് സ്റ്റാഫുകള്‍ക്കും പിന്നെ കേസുമായി വരുന്നവര്‍ക്കും മാത്രമായിരുന്നു സുപ്രീംകോടതിയില്‍ പ്രവേശനം അനുവദിച്ചിരുന്നുള്ളു. ആദ്യമായിട്ടാണ് പൊതുജനങ്ങള്‍ക്കും സുപ്രീംകോടതി തുറന്ന് കൊടുക്കുന്നത്.

ഇതൊരു പരീക്ഷണമാണെന്നും സുപ്രീംകോടതിയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മനസിലാക്കാനാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും ചിഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.രാവിലെ 10 മണിമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണ് സന്ദര്‍ശനത്തിന് അനുമതി നല്‍കിയിരിക്കുന്നത്.

പ്രവേശനം ആഗ്രഹിക്കുന്നവര്‍ സുപ്രീംകോടതിയുടെ വെബ്‌സൈറ്റിലൂടെ ബുക്ക് ചെയ്യണം. കോടതിയില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥന്‍ കോടതി മുറികള്‍ കാണിച്ചുതരുകയും കോടതി കെട്ടിടത്തിന്റെ ചരിത്ര പ്രാധാന്യം വിശദീകരിക്കുകയും ചെയ്യും.കൂടാതെ സുപ്രീംകോടതിയെക്കുറിച്ചുള്ള ഒരു ഷോര്‍ട്ട് ഫിലിം സന്ദര്‍ശകരെ കാണിക്കും. കോടതി പരിസരത്തെ മ്യൂസിയം കാണിച്ചു കൊണ്ടായിരിക്കും യാത്ര അവസാനിക്കുന്നത്.

Exit mobile version