സണ്‍ ഗ്ലാസും മെഴ്‌സിഡസില്‍ മേല്‍ക്കൂരയായി കുടയും! തെരഞ്ഞെടുപ്പ് പ്രചാരണ ചൂടൊക്കെ കൊള്ളാം; എന്നാല്‍ ചൂട് കൊള്ളാനില്ലെന്ന് ഹേമമാലിനി; റാലിക്ക് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസും

തുറന്ന മെഴ്‌സിഡസ് ബെന്‍സ് കാറില്‍ മുന്‍സീറ്റില്‍ കയറി നിന്നാണ് ഹേമ മാലിനിയുടെ വോട്ട് തേടല്‍.

മഥുര: മഥുര ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി രണ്ടാം തവണയും ജനവിധി തേടുന്ന നടി ഹേമമാലിനിയുടെ ചൂടിനോടുള്ള അലര്‍ജി ജനങ്ങളെയും മടുപ്പിക്കുന്നു. കഴിഞ്ഞ തവണ വിജയിച്ച് മണ്ഡലം വിട്ട ഹേമമാലിനി ഗസ്റ്റ് ഹൗസില്‍ വിശ്രമിക്കാന്‍ വേണ്ടി മാത്രമാണ് മണ്ഡലത്തിലേക്ക് എത്തുന്നത് എന്ന് ജനങ്ങള്‍ പരിഭവം പറയുന്നതിനിടെയാണ് പ്രഹസനമായി നടിയുടെ ‘തണല്‍ തേടിയുള്ള’ വോട്ട് തേടല്‍.

തുറന്ന മെഴ്‌സിഡസ് ബെന്‍സ് കാറില്‍ മുന്‍സീറ്റില്‍ കയറി നിന്നാണ് ഹേമമാലിനിയുടെ വോട്ട് തേടല്‍. സ്ഥാനാര്‍ത്ഥി ആരാണെന്ന് പോലും മനസിലാകാത്ത തരത്തില്‍ സണ്‍ഗ്ലാസും പിന്‍സീറ്റില്‍ നില്‍ക്കുന്ന സഹായി ചൂടി കൊടുക്കുന്ന വലിയ കുടയുമൊക്കെയായി ജനങ്ങള്‍ക്ക് നേരെ കൈവീശി കാണിക്കുന്ന ഹേമ മാലിനിയുടെ പ്രവര്‍ത്തിയെ പരിഹസിക്കുകയാണ് മാധ്യമങ്ങളും ജനങ്ങളും.

ഇതിനിടെ, നടത്തിയ തെരഞ്ഞെടുപ്പ് റാലിയും ഹേമമാലിനിക്ക് പുലിവാലായി. സര്‍ക്കാര്‍ സ്‌കൂളില്‍ വെച്ച് നടത്തിയ തെരഞ്ഞെടുപ്പ് റാലി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും ചൂണ്ടിക്കാണിക്കുന്നു. മഥുര മണ്ഡലത്തിലെ ചൗമുഹാന്‍ സര്‍ക്കാര്‍ സ്‌കൂളില്‍ വെച്ച് റാലി നടത്താന്‍ നടിക്ക് അനുമതിയുണ്ടായിരുന്നില്ല. മാത്രമല്ല സര്‍ക്കാര്‍ സ്ഥാപനത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് കമ്മീഷന്‍ ഹേമമാലിനിക്ക് അയച്ച കാരണം കാണിക്കല്‍ നോട്ടീസില്‍ പരാമര്‍ശിച്ചിട്ടുമുണ്ട്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് ഐപിസി 188ാം വകുപ്പ് പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.

ട്രാക്ടര്‍ ഓടിച്ച് നോക്കിയും ഫോട്ടോയെടുക്കുന്നതിന്റെ ഭാഗമായി മാത്രം ഗോതമ്പ് പാടത്ത് കറ്റകെട്ടിയും നേരത്തെ നടി അപഹാസ്യയായിരുന്നു. ഫുള്‍ മേയ്ക്കപ്പിലുള്ള സ്ഥാനാര്‍ത്ഥിയുടെ ‘കറ്റ കെട്ടി സഹായിക്കല്‍’ സോഷ്യല്‍മീഡിയയില്‍ ട്രോള്‍ മഴ ഏറ്റുവാങ്ങിയിരുന്നു.

Exit mobile version