അഗസ്ത വെസ്റ്റ് ലാന്‍ഡ്; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം പുറത്ത്, മുതിര്‍ന്ന നേതാക്കള്‍ക്ക് പങ്കെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: വിവാദ കേസായ അഗസ്ത വെസ്റ്റ് ലാന്‍ഡില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് റിപ്പോര്‍ട്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രമാണ് പുതിയ വിവരം വെളിപ്പെടുത്തിയത്. ക്രിസ്ത്യന്‍ മിഷേലില്‍ നിന്ന് കണ്ടെത്തിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അവകാശപ്പെടുന്ന ഡയറിയെ ആധാരമാക്കിയാണ് കുറ്റപത്രത്തിലെ പ്രധാന നിഗമനങ്ങള്‍. ഡയറിയില്‍ എപി എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് അഹമ്മദ് പട്ടേല്‍ ആണെന്നാണ് കുറ്റപത്രത്തിലെ പ്രധാന ആരോപണം. എഫ്എഎം എന്നത് ഫാമിലി എന്നതിന്റെ ചുരുക്കെഴുത്താണെന്നും സോണിയ കുടുംബത്തെ ലക്ഷ്യമിട്ട് കുറ്റപത്രം വ്യക്തമാക്കുന്നു.

അഗസ്ത വെസ്റ്റ്‌ലന്‍ഡ് ഇടപാടില്‍ മാറ്റം വരുത്തിയത് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ഓഫീസില്‍ നിന്നുള്ള ഇടപെടലിനെ തുടര്‍ന്നായിരുന്നെന്ന് മുന്‍ വ്യോമസേനാ മേധാവി എസ്പി ത്യാഗി നേരത്തെ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഈ വെളിപ്പെടുത്തലിനെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നതാണ് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിലപാട്.

ആകെ കരാര്‍ തുകയുടെ പത്തുശതമാനമായ 360 കോടി രൂപ ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ക്കും വ്യോമസേനാ മേധാവിക്കുമുള്‍പ്പെടെ നല്‍കിയെന്ന ഇറ്റാലിയന്‍ കോടതിയുടെ കണ്ടെത്തലുകളാണ് കേസിന് ആധാരം.

Exit mobile version