‘അശ്ലീലം പ്രോത്സാഹിപ്പിക്കുന്നു’; ടിക് ടോക് നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി

ചെന്നൈ: യുവാക്കള്‍ക്കിടയില്‍ ഏറെ പ്രശസ്തമായ വീഡിയോ ആപ്പായ ടിക് ടോക് നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ച് മദ്രാസ് ഹൈക്കോടതി. അശ്ലീലത പ്രോത്സാഹിപ്പിക്കുന്നെന്ന് ചൂണ്ടിക്കാണിച്ചാണ് മദ്രാസ് ഹൈക്കോടതി ചൈനീസ് ആപ്പായ ടിക് ടോക് നിരോധിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ലൈംഗിക പരാമര്‍ശങ്ങളുള്ള വീഡിയോകള്‍ കുട്ടികള്‍ക്ക് ലഭ്യമാകുന്നത് തടയുക എന്നതാണ് ഉത്തരവിന്റെ ലക്ഷ്യം. ടിക് ടോക് നിരോധിക്കണമെന്ന ആവശ്യവുമായി മധുരയിലെ മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ മുത്തുകുമാറാണ് കോടതിയെ സമീപിച്ചത്. അശ്ലീല ദൃശ്യങ്ങളും സാംസ്‌കാര-മൂല്യച്യുതിയും കുഞ്ഞുങ്ങളെ ചൂഷണം ചെയ്യുന്നതും ആത്മഹത്യയും ടിക് ടോക് പ്രോത്സാഹിപ്പിക്കുന്നെന്നാണ് മുത്തുകുമാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നത്.

ബുധനാഴ്ച മുത്തുകുമാറിന്റെ വാദം കേട്ട കോടതി രാജ്യത്ത് ടിക് ടോകിന് വിലക്ക് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കുകയായിരുന്നു. അതേസമയം, കോടതി ഉത്തരവിനെ കുറിച്ച് പഠിച്ചശേഷം, രാജ്യത്തെ നിയമങ്ങള്‍ പാലിക്കുന്ന നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി കൂചടുതല്‍ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ടിക് ടോക് അധികൃതര്‍ റോയിറ്റേഴ്‌സിനോട് പ്രതികരിച്ചു.

വളരെ പെട്ടെന്ന് തന്നെ രാജ്യത്ത് വലിയൊരു ശതമാനം യുവാക്കളേയും സെലിബ്രിറ്റികളേയും സ്വാധീനിച്ച ടിക് ടോകിന് ഇന്ത്യയില്‍ മാത്രം 54 മില്യണ്‍ ഉപയോക്താക്കളാണ് ഉള്ളത്. ചെറിയ വീഡിയോകളെ പ്രചരിപ്പിക്കുന്ന ആപ്പാണ് ടിക് ടോക്.

Exit mobile version