ജനങ്ങള്‍ക്ക് പ്രചോദനം നല്‍കാനാണ് പ്രതിമ നിര്‍മ്മിച്ചത്; ന്യായീകരിച്ച് മായാവതി

സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് മായാവതിയുടെ വിശദീകരണം

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശില്‍ പ്രതിമ നിര്‍മ്മിച്ചതിനെ ന്യായീകരിച്ച് ബിഎസ്പി നേതാവ് മായാവതി രംഗത്തെത്തി. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് മായാവതിയുടെ വിശദീകരണം. ജനങ്ങള്‍ക്ക് പ്രചോദനം നല്‍കാന്‍ വേണ്ടിയാണ് പ്രതിമകള്‍ നിര്‍മ്മിച്ചതെന്നും ഇത് ജനങ്ങളുടെ അഭിലാഷങ്ങളെയാണ് പ്രതിനിധീകരിക്കുന്നതെന്നും മായാവതി വ്യക്തമാക്കി.

സംസ്ഥാന നിയമസഭയുടെ ആഗ്രഹമായിരുന്നു പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രയത്‌നിക്കുന്ന വനിതയെ ആദരിക്കണമെന്നത്. ജനങ്ങളുടെയും ആഗ്രഹവും ഇത് തന്നെയായിരുന്നു. ആ ആഗ്രഹം എങ്ങനെയാണ് ഞാന്‍ ലംഘിക്കുകയെന്നും മായാവതി. അതുകൊണ്ട് തന്നെ ഉത്തര്‍ പ്രദേശിന്റെ മുഖ്യമന്ത്രി ആയിരുന്ന സമയത്ത് പ്രതിമ നിര്‍മ്മിക്കുന്നതിനുള്ള പണം അനുവദിക്കുക മാത്രമാണ് ചെയ്തതെന്നും ഇവ നിര്‍മ്മിക്കാനുള്ള തീരുമാനത്തിലൂടെ നിയമസഭ ദളിത്, വനിതാ നേതാക്കളെ ആദരിക്കുകയാണ് ചെയ്തതെന്നും മായാവതി വ്യക്തമാക്കി.

അതേസമയം പ്രതിമ നിര്‍മ്മാണത്തിന് ഉപയോഗിച്ച പണം വിദ്യാഭ്യാസത്തിനോ ആശുപത്രികള്‍ക്കോ ആയി ഉപയോഗിക്കാമായിരുന്നോ എന്നത് കോടതി തീരുമാനിക്കേണ്ട വിഷയം അല്ലെന്നും എല്ലാവരും എന്തിനാണ് ദളിത് നേതാക്കളുടെ പ്രതിമകളെ നിര്‍മ്മിച്ചതിനെ ചോദ്യം ചെയ്യുന്നതെന്നും മായാവതി ചോദിച്ചു. രാജ്യത്ത് ബിജെപിയും കോണ്‍ഗ്രസും ജനങ്ങളുടെ പണം ഉപയോഗിച്ച് പ്രതിമകള്‍ നിര്‍മ്മിച്ചതിനെ എന്താണ് ആരും ചോദ്യം ചെയ്യാത്തതെന്നും മായാവതി ചോദിച്ചു.

രാജ്യത്ത് ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സര്‍ദാര്‍ പട്ടേല്‍, ശിവാജി, ജയലളിത എന്നിവരുടെ പ്രതിമകളും നിര്‍മ്മിച്ചിട്ടില്ലേയെന്നും ഇതിനെ ഒന്നും ആരും ചോദ്യം ചെയ്തില്ലെന്നും മായാവതി പറഞ്ഞു. അതേ സമയം ഉത്തര്‍ പ്രദേശില്‍ നിര്‍മ്മിച്ച ആനയുടെ പ്രതിമ വെറും ശില്പമാണെന്നും അത് ബിഎസ്പിയുടെ പ്രതീകമല്ലെന്നും മായാവതി വ്യക്തമാക്കി.

Exit mobile version