കോണ്‍ഗ്രസ് നേതാക്കളെ പോലെയല്ല, പ്രധാനമന്ത്രി മോഡി ഇതുവരെ വാക്ക് പാലിച്ചിട്ടില്ല; വിമര്‍ശിച്ച് പി ചിദംബരം

ശിവഗംഗ: തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ബിജെപിയേയും വലിച്ചുകീറി മുന്‍കേന്ദ്ര ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. രാജ്യത്തെ കോണ്‍ഗ്രസ് നേതാക്കളെ പോലെയല്ല, പ്രധാനമന്ത്രി മോഡി ഒരിക്കലും പറഞ്ഞ വാക്ക് പാലിച്ചിട്ടില്ലെന്ന് ചിദംബരം ശിവഗംഗയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ കുറ്റപ്പെടുത്തി.

അധികാരത്തിലെത്തുന്നതിന് വേണ്ടി ജനങ്ങള്‍ക്ക് കൊടുത്ത വാഗ്ദാനങ്ങളില്‍ ഒന്നു പോലും പ്രധാനമന്ത്രി നിറവേറ്റിയിട്ടില്ല. കോണ്‍ഗ്രസ് പാര്‍ട്ടി അവ നിറവേറ്റിയിരിക്കും. ശിവഗംഗയിലെ കോണഗ്രസ് സ്ഥാനാര്‍ത്ഥി മകന്‍ കാര്‍ത്തി ചിദംബരത്തിനായി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ അദ്ദേഹം പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഉയര്‍ന്നജാതിയില്‍ പെട്ട വ്യക്തികള്‍ക്ക് മാത്രമാണ് ഭരണം നല്‍കുക. ബിജെപി വിഷവിത്താണ്. ഇത് ഈ മണ്ണിനിണങ്ങുന്ന ചെടിയേ അല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

തമിഴ്‌നാട്ടില്‍ ഏപ്രില്‍ 28നാണ് വോട്ടെടുപ്പ്. സംസ്ഥാനത്തെ 39 സീറ്റുകളില്‍ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ 20സീറ്റില്‍ ഡിഎംകെയും 9 സീറ്റിലും പുതുച്ചേരിയിലെ ഒരു സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കും.

Exit mobile version