സുമലതയ്ക്ക് തിരിച്ചടിയായി അപരഭീഷണി; നാല് സുമലതമാര്‍ മാണ്ഡ്യയില്‍; ഒരേ ചിഹ്നത്തിനായും വാദം

ബംഗളൂരു:ലോക്‌സഭാ മണ്ഡലമായ മാണ്ഡ്യയില്‍ കോണ്‍ഗ്രസിനോടും ജെഡിഎസിനോടും വഴക്കിട്ട് സ്വതന്ത്രയായി മത്സരിക്കുന്ന മുന്‍നടി സുമലതയ്ക്ക് അപരകളുടെ ഭീഷണി. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അംബരീഷിന്റെ ഭാര്യയും നടിയുമായ സുമലതയുടെ അതേപേരില്‍ മണ്ഡലത്തില്‍ മത്സരിക്കാനിറങ്ങുന്നത് മറ്റ് മൂന്ന് സുമലതമാര്‍ കൂടിയാണ്. നാലു സുമലതമാരും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ്. അതിനാല്‍ തന്നെ, എല്ലാവര്‍ക്കും വേണ്ടത് ഒരേ ചിഹ്നമാണ്. ഇവര്‍ക്ക് അനുവദിക്കുന്ന ചിഹ്നത്തിന്റെ കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ തീരുമാനം എടുക്കും.

നടി സുമലതയുടെ വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസാണ്. കനകാപുരയില്‍നിന്നുള്ള സ്ഥാനാര്‍ത്ഥി സുമലത എംഎസ്‌സിക്കാരിയാണ്. ബാക്കിയുള്ളവരെല്ലാം സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമുള്ളവരാണ്. നടി സുമലതയ്ക്ക് പിന്തുണയുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, ജെഡിഎസും കോണ്‍ഗ്രസും ചേര്‍ന്ന് നടി സുമലതയുടെ വോട്ട് ഭിന്നിപ്പിക്കാനായിട്ടാണ് മൂന്ന് അപര സ്ഥാനാര്‍ത്ഥികളെ രംഗത്ത് കൊണ്ടു വന്നതെന്ന് ആക്ഷേപമുണ്ട്.

നേരത്തെ, അംബരീഷിന്റെ മണ്ഡലമായ മാണ്ഡ്യയില്‍ തന്നെ മത്സരിപ്പിക്കണമെന്ന സുമലതയുടെ ആവശ്യം കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി തള്ളിയിരുന്നു. ജെഡിഎസിന്റെ സീറ്റ് എറ്റെടുക്കുന്നതിന് കോണ്‍ഗ്രസ് താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്യാതിരുന്നതോടെ വിമതയായിട്ടാണ് സുമലതയുടെ രംഗപ്രവേശം. ജെഡിഎസ് ഈ സീറ്റില്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ മകനും നടനുമായ 28 കാരനായ നിഖില്‍ ഗൗഡയെയാണ് രംഗത്തിറക്കുന്നത്. നേരത്തെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെങ്കില്‍ മാണ്ഡ്യയില്‍ നിന്ന് മാത്രമായിരിക്കും ജനവിധി തേടുകയെന്ന് സുമലത വ്യക്തമാക്കിയിരുന്നു.

Exit mobile version