സാധാരണക്കാര്‍ക്ക് പ്രതിമാസം 18,000 രൂപ മിനിമം കൂലി ഉറപ്പുവരുത്തും; വാര്‍ധക്യ പെന്‍ഷന്‍ 6000 രൂപയാക്കും; വാഗ്ദാന പെരുമഴയുമായി സിപിഎം പ്രകടനപത്രിക

ബിജെപിയെ പുറത്താക്കലും ജനാധിപത്യത്തെ ശക്തിപ്പെടുത്തലും ലക്ഷ്യം; സാധാരണക്കാര്‍ക്ക് പ്രതിമാസം 18,000 രൂപ മിനിമം കൂലി ഉറപ്പുവരുത്തും; വാര്‍ധക്യ പെന്‍ഷന്‍ 6000 രൂപയാക്കും; വാഗ്ദാന പെരുമഴയുമായി സിപിഎം പ്രകടനപത്രിക

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം പ്രകടനപത്രിക പുറത്തിറക്കി. സാധാരണക്കാരുടെ മിനിമം വേതനവും കര്‍ഷകരുടെ പ്രശ്‌നങ്ങളും തുടങ്ങിയവയെ അഭിസംബോധന ചെയ്യുന്നതാണ് പാര്‍ട്ടി പുറത്തിറക്കിയ പ്രകടനപത്രിക. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പത്രിക പുറത്തിറക്കിയത്. 15 വാഗ്ദാനങ്ങള്‍ ഉള്‍പ്പെടുന്നതാണ് പത്രിക. ബിജെപി സഖ്യത്തെ പരാജയപ്പെടുത്തുക, ഇടതുപക്ഷത്തെയും സിപിഎമ്മിനേയും ശക്തിപ്പെടുത്തുക, മതേതര-ജനാധിപത്യ സര്‍ക്കാര്‍ രാജ്യത്ത് അധികാരത്തിലേറുമെന്ന് ഉറപ്പുവരുത്തുക എന്നതൊക്കെയാണ് പാര്‍ട്ടിയുടെ മുഖ്യ ലക്ഷ്യങ്ങളെന്നും പ്രകടന പത്രിക പുറത്തിറക്കവെ സീതാറാം യെച്ചൂരി മാധ്യമങ്ങളെ അറിയിച്ചു. പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, ബൃന്ദ, കാരാട്ട്, എസ് രാമചന്ദ്രന്‍ പിള്ള എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

രാജ്യത്തെ ജനങ്ങള്‍ക്ക് 18,000 രൂപ പ്രതിമാസം മിനിമം വേതനം ഉറപ്പുവരുത്തുമെന്നും പ്രതിമാസം 6,000 രൂപയോ മിനിമം വേതനത്തിന്റെ പകുതി തുകയോ വാര്‍ധക്യ പെന്‍ഷനായി നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്തെ സ്വകാര്യ കമ്പനികളെ ഒഴിവാക്കും. കര്‍ഷകര്‍ക്ക് ഉത്പാദന ചെലവിന്റെ 50 ശതമാനം അധികവില ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. രാജ്യത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും പൊതുവിതരണ ശൃംഖല വഴി 2 രൂപയ്ക്ക് 35 കിലോ ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പാക്കുമെന്നും പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളില്‍ സംവരണം. ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് രണ്ട് രൂപ നിരക്കില്‍ ഏഴ് കിലോ അരി
എന്നിവയും സിപിഎം പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.

ഡിജിറ്റല്‍ മേഖലയെ പൊതു ഇടമായി കണക്കാക്കും. ഈ മേഖലയിലെ സര്‍ക്കാര്‍ ഇടപെടല്‍ അവസാനിപ്പിക്കും. സ്ത്രീ സംവരണ ബില്‍ നടപ്പാക്കും. ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ മേഖലയിലും റിസര്‍വേഷന്‍ ഉറപ്പാക്കും എന്നും പ്രകടന പത്രിക പറയുന്നു.

Exit mobile version