വ്യാജ കൈയ്യൊപ്പും രേഖകളും ചമച്ച് തട്ടിപ്പ്; നിര്‍മ്മലാ സീതാരാമന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ ബിജെപി ജനറല്‍ സെക്രട്ടറി കുരുക്കില്‍

ഹൈദരാബാദ്: കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്റെ വ്യാജ കൈയ്യൊപ്പ് രേഖപ്പെടുത്തി രേഖകള്‍ ചമച്ച് കോടികള്‍ വെട്ടിച്ച കേസില്‍ ബിജെപി തെലങ്കാന ജനറല്‍ സെക്രട്ടറിയും കൂട്ടാളികളും കുരുക്കില്‍. നിര്‍മ്മലാ സീതാരാമന്റെ വ്യാജ ഒപ്പിട്ട് നിര്‍മ്മിച്ച നിയമന രേഖ കാണിച്ച് ബിജെപി ജനറല്‍ സെക്രട്ടറി മുരളീധര റാവുവും എട്ട് കൂട്ടാളികളും തട്ടിപ്പ് നടത്തിയെന്നാണ് പരാതി.

കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവാണ് മുരളീധരറാവു. ഇയാള്‍ കേന്ദ്രസര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്താണ് പരിചയക്കാരിയായ യുവതിയില്‍ നിന്നും ഭര്‍ത്താവില്‍ നിന്നുമായി 2.1 കോടി രൂപ തട്ടിയെടുത്തത്. 2016ലായിരുന്നു സംഭവമെന്ന് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

കേന്ദ്ര വാണിജ്യമന്ത്രാലയത്തിന് കീഴിലുള്ള ഫാര്‍മ എക്‌സലിന്റെ കീഴില്‍ നിയമനം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്. 2 കോടിയിലേറെ തുക പ്രതിഫലമായി ആവശ്യപ്പെട്ടപ്പോള്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് പിന്മാറാന്‍ ശ്രമിച്ചെങ്കിലും കൂടുതല്‍ വ്യാജ വാഗ്ദാനങ്ങളും ഭീഷണിയും കാരണം പണം ഇവര്‍ക്ക് കൈമാറുകയായിരുന്നെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. മുരളീധര റാവുവിന്റെ വിശ്വസ്തന്‍ എ കൃഷ്ണകുമാര്‍ വഴിയാണ് പണം കൈമാറിയതെന്നും യുവതി കോടതിയില്‍ സമര്‍പ്പിച്ച അന്യായ ഹര്‍ജിയില്‍ പറയുന്നു. മുമ്പ്, മുരളീധര റാവുവിനെതിരെ ഡല്‍ഹി ക്രൈംബ്രാഞ്ചും സമാനമായ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു.

എന്നാല്‍ ആരോപണങ്ങളെ നിഷേധിച്ച് രംഗത്തെത്തിയ മുരളീധര റാവു പരാതിയെ നിയമപരമായി നേരിടുമെന്നും തനിക്ക് ഇക്കാര്യത്തില്‍ പങ്കില്ലെന്നും പ്രതികരിച്ചു. അതേസമയം, പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്നു തെലങ്കാനയിലെ ബിജെപി വക്താവ് കൃഷ്ണ സാഗര്‍ റാവു ആരോപിച്ചു.

Exit mobile version