തെരഞ്ഞെടുപ്പ് ചട്ട ലംഘനം; മോഡിയുടെ ചിത്രം നീക്കം ചെയ്യാത്തതിന് റെയില്‍വേയ്ക്കും വ്യോമയാന മന്ത്രാലയത്തിനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ട്രെയിന്‍ ടിക്കറ്റില്‍ മോഡിയുടെ ചിത്രം ഉള്‍പ്പെടുത്തിയതിന് എതിരെ തൃണമൂല്‍ കോണ്‍ഗ്രസ് പരാതി നല്‍കിയതിന് പിന്നാലെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി

ന്യൂഡല്‍ഹി: മോഡിയുടെ ചിത്രം ട്രെയിന്‍ ടിക്കറ്റുകളില്‍ നിന്നും എയര്‍ ഇന്ത്യയുടെ ബോര്‍ഡിങ് പാസുകളില്‍ നിന്നും നീക്കം ചെയ്യാത്തതിന് റെയില്‍വേയ്ക്കും വ്യോമയാന മന്ത്രാലയത്തിനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കി. മോഡിയുടെ ചിത്രങ്ങള്‍ എന്തുകൊണ്ടാണ് എടുത്ത് മാറ്റാത്തതെന്ന് മൂന്ന് ദിവസത്തിനുള്ളില്‍ അറിയിക്കണമെന്ന് കാണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

ട്രെയിന്‍ ടിക്കറ്റില്‍ മോഡിയുടെ ചിത്രം ഉള്‍പ്പെടുത്തിയതിന് എതിരെ തൃണമൂല്‍ കോണ്‍ഗ്രസ് പരാതി നല്‍കിയതിന് പിന്നാലെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. കേന്ദ്ര സര്‍ക്കാരിന്റെയും ബിജെപിയുടെയും നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ട്രെയിന്‍ ടിക്കറ്റില്‍ കേന്ദ്ര ഭവന, നഗര ദാരിദ്ര നിര്‍മ്മാര്‍ജ്ജന മന്ത്രാലയത്തിന്റെ പരസ്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. മോഡിയുടെ ചിത്രങ്ങള്‍ പതിപ്പിച്ച ടിക്കറ്റുകള്‍ അച്ചടിക്കുന്നതും വിതരണം ചെയ്യുന്നതും നിര്‍ത്തലാക്കണമെന്നും പരാതിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

Exit mobile version