ഇത് മോഡിയുടെ കോട്ട് അല്ല, നെഹ്‌റുവിന്റെ; മോഡിയുടെത് കാക്കി ട്രൗസര്‍! കൊറിയന്‍ പ്രസിഡന്റിന്റെ ട്വീറ്റിന് താഴെ പടവെട്ടി സോഷ്യല്‍മീഡിയ

മോഡി കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നിന് സമ്മാനിച്ച ഒരു കോട്ടിനെ ചൊല്ലിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തര്‍ക്കം.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നിന് സമ്മാനിച്ച ഒരു കോട്ടിനെ ചൊല്ലിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തര്‍ക്കം. മോഡി ജാക്കറ്റ് എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്ന ആ കോട്ട് മോഡിയുടെതല്ലെന്ന് ഒരു കൂട്ടര്‍ വാദിച്ചതാണ് അന്താരാഷ്ട്രതലത്തില്‍ ഈ കോട്ട് ചര്‍ച്ചാ വിഷയമാകാന്‍ കാരണം.

പ്രധാനമന്ത്രി നരേന്ദ്രമോഡി സമ്മാനിച്ച കോട്ടിന് നന്ദി രേഖപ്പെടുത്തി കൊറിയന്‍ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ‘പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കോട്ട് ഏറെ ഇഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് അത് നിര്‍മിച്ച രീതിയെ അഭിനന്ദിച്ചത്. സാധാരണ കയ്യ് നീളമുള്ള കോട്ടാണ് ഈ വിധത്തില്‍ കണ്ടിട്ടുള്ളത്. മോഡി കോട്ട് തയ്പിച്ചതിന്റെ പാകം കൃത്യമാണെന്നും കൊറിയയിലും ഇത് വളരെ എളുപ്പത്തില്‍ ധരിക്കാമെന്നും’ കൊറിയന്‍ പ്രസിഡന്റ് ട്വീറ്റില്‍ വിശദമാക്കുന്നു.

എന്നാല്‍ ഇത് മോഡി കോട്ട് അല്ലെന്നും മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ് ഈ കോട്ട് പ്രസിദ്ധമാക്കിയതെന്നുമാണ് സമൂഹമാധ്യമങ്ങള്‍ വിശദമാക്കുന്നത്. കയ്യില്ലാത്ത രീതിയിലുള്ള കോട്ടുകള്‍ മോഡി ജാക്കറ്റ് എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്യുന്നതിന് പ്രധാനമന്ത്രിക്ക് നേരെയും ട്വീറ്റുകളില്‍ വിമര്‍ശനമുണ്ട്. 2014ന് മുന്‍പ് ഇന്ത്യ ഉണ്ടായിരുന്നില്ലേയെന്നാണ് ട്വീറ്റുകളില്‍ പരാമര്‍ശമുള്ളത്.

മോഡിക്ക് ഒരിക്കലും നെഹ്‌റുവാകാന്‍ കഴിയില്ലെന്നും മറ്റൊരു ട്വീറ്റ് വിമര്‍ശിക്കുന്നു. ആ ജാക്കറ്റ് നെഹ്‌റുവിന്റേതാണെന്നും മോഡിക്ക് ചേരുക കാക്കി ട്രൗസര്‍ ആണെന്നുമാണ് മറ്റൊരു ട്വീറ്റ്. 2010ല്‍ ടൈം മാഗസിന്റെ ഫാഷന്‍ ട്രെന്‍ഡുകളില്‍ ഇടം പിടിച്ചതായിരുന്നു നെഹ്‌റു ജാക്കറ്റ്. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായതിന് പിന്നാലെയാണ് പ്രമുഖ വസ്ത്രനിര്‍മാണശാല നെഹ്‌റു ജാക്കറ്റിനെ മോഡി ജാക്കറ്റ് എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്തത്.

Exit mobile version