എല്ലാ പ്രവര്‍ത്തനത്തിനും പ്രതിപ്രവര്‍ത്തനം ഉണ്ടാകും; ചലന നിയമം ഓര്‍ത്തോളൂ! അവഗണനയില്‍ ബിജെപിക്ക് മുന്നറിയിപ്പ് നല്‍കി ശത്രുഘ്‌നന്‍ സിന്‍ഹ എംപി

ന്യൂഡല്‍ഹി: ബിജെപി തന്നോട് ചെയ്തതിന് അതേനാണയത്തില്‍ തിരിച്ചടിക്കുമെന്ന് പാര്‍ട്ടിക്ക് മുന്നറിയിപ്പ് നല്‍കി ബിജെപി എംപിയും നടനുമായ ശത്രുഘ്‌നന്‍ സിന്‍ഹ. സിന്‍ഹയുടെ സീറ്റായ ബീഹാറിലെ പാട്‌ന സാഹിബ് മണ്ഡലത്തില്‍, കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെ തനിക്ക് പകരം മത്സരിപ്പിക്കാനുള്ള ബിജെപി തീരുമാനമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചിരിക്കുന്നത്. ബിജെപിയുടെ തീരുമാനം പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് പാര്‍ട്ടിയെ വെല്ലുവിളിച്ച് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

‘ന്യൂട്ടന്റെ മൂന്നാം ചലനനിയമം ഓര്‍ത്തോളൂ…എല്ലാ പ്രവര്‍ത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവര്‍ത്തനം ഉണ്ടാകും. നിങ്ങളും നിങ്ങളുടെ ആളുകളും എന്നോട് ചെയ്തതൊക്കെ ഇപ്പോഴും സഹിക്കാനാവുന്നതാണ്. നിങ്ങളുടെ ആളുകളോട് അതേ നാണയത്തില്‍ തിരിച്ചടിക്കാനുള്ള കഴിവും പ്രാപ്തിയും എനിക്കുണ്ട്.’ ട്വീറ്റുകളിലൂടെ ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.

പ്രതിപക്ഷത്തെ ആക്രമിക്കുന്നതിന് പകരം സ്വയം തിരുത്താനാണ് ബിജെപി ശ്രമിക്കേണ്ടതെന്നും മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിയെ സ്ഥാനാര്‍ത്ഥിപട്ടികയില്‍ നിന്നൊഴിവാക്കിയതിനെയും സിന്‍ഹ വിമര്‍ശിച്ചിട്ടുണ്ട്. അദ്വാനിക്ക് പകരം അമിത് ഷാ എന്നത് ഒരുതരത്തിലും യോജിക്കുന്ന ഒന്നല്ലെന്നാണ് സിന്‍ഹ പറയുന്നത്.

Exit mobile version