രാഹുലിന് പിന്നാലെ മോഡിയും ദക്ഷിണേന്ത്യയിലേക്ക്? രണ്ടാമത്തെ മണ്ഡലമായി ബംഗളൂരു തെരഞ്ഞെടുക്കാന്‍ ആലോചന!

ന്യൂഡല്‍ഹി: വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്ക് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായി രാഹുല്‍ എത്തുമെന്ന് ഏതാണ്ട് ഉറപ്പിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ദക്ഷിണേന്ത്യയെ തെരഞ്ഞെടുത്തേക്കുമെന്ന് സൂചന. മോഡി യുപിയിലെ വാരാണസിക്കു പുറമേ ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തിലും മത്സരിക്കാന്‍ ആലോചിക്കുന്നെന്നും കര്‍ണാടകയിലെ ബംഗളൂരു സൗത്ത് ആണു ലക്ഷ്യമെന്നുമാണ് സൂചനകള്‍. നരേന്ദ്ര മോഡി 2014 ലും 2 മണ്ഡലങ്ങളില്‍ മത്സരിച്ചിരുന്നു-വാരാണസിയിലും ഗുജറാത്തിലെ വഡോദരയിലും. രണ്ടിടത്തും വിജയിച്ചെങ്കിലും വാരാണസി മാത്രം നിലനിര്‍ത്തുകയായിരുന്നു.

അതേസമയം, കര്‍ണാടകയിലെ 28 മണ്ഡലങ്ങളില്‍ 23 ലെയും സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട് എങ്കിലും ബംഗളൂരു സൗത്തിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. അന്തരിച്ച കേന്ദ്രമന്ത്രി എച്ച്എന്‍ അനന്ത്കുമാറിന്റെ മണ്ഡലമാണു ബംഗളൂരു സൗത്ത്. ഇവിടെ അനന്ത്കുമാറിന്റെ ഭാര്യ തേജസ്വിനി അനന്തകുമാര്‍ പ്രചാരണം തുടങ്ങിയിട്ടുമുണ്ട്. എന്നാല്‍ മോഡി വരികയാണെങ്കില്‍ തേജസ്വനി പിന്‍മാറിയേക്കും.

Exit mobile version