സന്തോഷിക്കാന്‍ വകയില്ലാതെ രാജ്യം; സന്തോഷത്തിന്റെ കാര്യത്തില്‍ പാകിസ്താനും ബംഗ്ലാദേശിനും പിന്നിലായി ഇന്ത്യ

യുണൈറ്റഡ് നാഷന്‍സ്: ഇത്തവണയും സന്തോഷ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ സന്തോഷിക്കാന്‍ വകയില്ലാതെ ഇന്ത്യ നിരാശപ്പെടുത്തി. ഐക്യരാഷ്ട്രസഭയുടെ 2019ലെ ലോക സന്തോഷ റിപ്പോര്‍ട്ടില്‍ സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ അയല്‍ക്കാരായ പാകിസ്താനും ചൈനക്കും ബംഗ്ലാദേശിനും താഴെയാണ് ഇന്ത്യയുടെ സ്ഥാനം. 156 രാജ്യങ്ങളുടെ സന്തോഷ പട്ടികയില്‍ ഇന്ത്യ 140-ാം സ്ഥാനത്താണ്. അയല്‍രാജ്യങ്ങളായ പാകിസ്താനും (67), ചൈനയും (93), ബംഗ്ലാദേശും (125) ഇന്ത്യയേക്കാള്‍ ഏറെ സന്തോഷം അനുഭവിക്കുന്ന രാജ്യങ്ങളാണ്.

അതേസമയം, വീണ്ടും ഒന്നാമതെത്തിയതില്‍ ഫിന്‍ലാന്‍ഡുകാര്‍ അതീവ സന്തോഷത്തിലുമാണ്. കഴിഞ്ഞവര്‍ഷവും ഫിന്‍ലാന്‍ഡ് തന്നെയായിരുന്നു സന്തോഷ പട്ടികയില്‍ ഒന്നാമത്. ഡെന്‍മാര്‍ക്കും നോര്‍വേയും ഐസ്‌ലന്‍ഡും നെതര്‍ലന്‍ഡ്‌സുമാണ് ഫിന്‍ലാന്‍ഡിന് പിന്നിലെ സന്തോഷം ഏറെയുള്ള തൊട്ടടുത്ത രാജ്യങ്ങള്‍. സന്തോഷ കാര്യത്തില്‍ അമേരിക്ക 19ാം സ്ഥാനത്താണ്.

ലോകത്തെ കഴിഞ്ഞവര്‍ഷം 133-ാം സ്ഥാനത്തായിരുന്നു ഇന്ത്യയുടെ സന്തോഷം. ഈ വര്‍ഷം വീണ്ടും കുറഞ്ഞു. വരുമാനം, സ്വാതന്ത്ര്യം, വിശ്വാസ്യത, ആരോഗ്യജീവിതം, സാമൂഹിക പിന്തുണ, മഹാമനസ്‌കത എന്നീ ആറ് കാര്യങ്ങള്‍ മാനദണ്ഡമാക്കിയാണ് യുഎന്നിന്റെ കണക്കെടുപ്പ്. രാജ്യങ്ങളിലെ വെറുപ്പിന്റെയും ദുഃഖത്തിന്റെയും വിദ്വേഷത്തിന്റെയും വര്‍ധനവും വിലയിരുത്തപ്പെടും. 2012ലെ യുഎന്‍ പൊതുസഭയുടെ ആഹ്വാനപ്രകാരം ലോക സന്തോഷ ദിനം ആചരിക്കുന്ന മാര്‍ച്ച് 20നാണ് റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്.

ആഭ്യന്തര യുദ്ധം കലുഷിതമാക്കിയ സൗത്ത് സുഡാനാണ് ലോകത്തെ ഏറ്റവും സന്തോഷം കുറഞ്ഞ രാജ്യം. മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്ക് (155), അഫ്ഗാനിസ്ഥാന്‍ (154), താന്‍സനിയ (153), റുവാണ്ട (152) എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.

Exit mobile version