ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയുടെ ചൗക്കീദാര്‍ ശരിക്കും കള്ളനാണ്! രാത്രി ഇരുട്ടി വെളുത്തപ്പോള്‍ എല്ലാം അടിച്ചോണ്ടുപോയി; ഇത് സിനിമയോ പരസ്യമോ അല്ല; സംഭവകഥ!

ഗാന്ധിനഗര്‍: സോഷ്യല്‍മീഡിയയില്‍ ഹിറ്റായ ചൗക്കീദാര്‍ ചോര്‍ ഹെ, മേം ഭീ ചൗക്കീദാര്‍ തുടങ്ങിയ ഹാഷ്ടാഗുകള്‍ക്ക് പിന്നാലെയാണ് ഗുജറാത്തിലെ മുന്‍മുഖ്യമന്ത്രി ശങ്കര്‍ സിംഗ് വഗേലയുടെ വീട്ടില്‍ നിന്നും ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലേക്ക് ഞായറാഴ്ച വൈകിട്ട് ഒരു പരാതിയെത്തിയത്. സംഭവമെന്താണെന്നോ വീട് കാവല്‍ക്കാരനായ ബസുദേവ് നേപ്പാളി അഥവാ ശംഭു ഗൂര്‍ഖ എന്ന ‘ചൗക്കീദാര്‍’ ശരിക്കും കള്ളനായിരുന്നു. വഗേല ഇത്ര നാളായും ഇക്കാര്യം തിരിച്ചറിഞ്ഞില്ല. കഴിഞ്ഞദിവസം രാവിലെ എഴുന്നേറ്റ് നോക്കിയപ്പോള്‍ വീട്ടില്‍ പൈസയുമില്ല, സ്വര്‍ണ്ണവുമില്ല, ഗൂര്‍ഖയുമില്ല. മൂന്ന് ലക്ഷം രൂപയും രണ്ട് ലക്ഷം രൂപയുടെ ആഭരണങ്ങളുമാണ് നഷ്ടമായത്.

സംഭവമിങ്ങനെ: നാല് വര്‍ഷം മുന്‍പാണ് നേപ്പാള്‍ സ്വദേശിയായ ബസുദേവ് നേപ്പാളി എന്ന ശംഭു ഗൂര്‍ഖയും ഭാര്യ ശാരദയും വഗേലയുടെ വീട്ടില്‍ ജോലിയ്ക്ക് എത്തുന്നത്. അതായത് വഗേല കോണ്‍ഗ്രസില്‍ നിന്ന് മറുകണ്ടം ചാടി എന്‍സിപിയിലെത്തുന്നതിന് മുമ്പേ ശംഭു ഗൂര്‍ഖ വീട്ടിലെ ജോലിക്കാരനാണ്. ഭാര്യ ശാരദയാകട്ടെ വീട്ടിലെ പണികളും ചെയ്യും. ഇവരുടെ രണ്ട് കുട്ടികളും ഇവിടെയുണ്ടായിരുന്നു.

കഴിഞ്ഞ ഒക്ടോബറില്‍ ഗൂര്‍ഖയും ഭാര്യയും നാട്ടിലേക്ക് പോകണം, കുട്ടികളെ നേപ്പാളില്‍ത്തന്നെ നിര്‍ത്തി പഠിപ്പിക്കണമെന്നൊക്കെ പറഞ്ഞിരുന്നു. കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാനെന്ന് പറഞ്ഞ് പോയ ശംഭുവിനെയും ഭാര്യയെയും പിന്നെ കണ്ടിട്ടില്ല. അപ്പോഴും പണവും സ്വര്‍ണവും പോയ കഥ വഗേലയും കുടുംബവും അറിഞ്ഞതേയില്ല. കഴിഞ്ഞ മാസം അവസാനം ഒരു വിവാഹത്തിനായി വഗേലയും കുടുംബവും പുറപ്പെടാനൊരുങ്ങിയപ്പോഴാണ് അലമാരയ്ക്കകത്ത് ഉണ്ടായിരുന്ന ആഭരണങ്ങള്‍ കാണാതായ കാര്യം തിരിച്ചറിഞ്ഞത്.

വീട്ടിലെ ജോലിക്കാരെയെല്ലാം വിളിച്ച് ചോദ്യം ചെയ്തു. അപ്പോഴാണ് അറിഞ്ഞത് ആ മുറിയുടെ കാവല്‍ ശംഭു ഗൂര്‍ഖയാണ് ചെയ്തിരുന്നത്. ഉടന്‍ ശംഭുവിനെ ബന്ധപ്പെടാന്‍ വഗേലയുടെ കുടുംബം ശ്രമിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല. ഇതോടെയാണ് വഗേല പഴയ കാവല്‍ക്കാരനെതിരെ ചൗക്കീദാര്‍ ചോര്‍ ഹെ എന്ന പരാതിയുമായി രംഗത്തെത്തിയത്.

Exit mobile version