രണ്ടു കോടി തൊഴിലവസരങ്ങളും അഛേ ദിനും കൊണ്ടുവരാന്‍ മോഡിയെ അനുവദിക്കാത്ത കൊടും കുറ്റവാളി നെഹ്‌റുവിനെ അന്വേഷിക്കുന്നു! വീണ്ടും മോഡിയെ കണക്കിന് പരിഹസിച്ച് ടെലിഗ്രാഫ് പത്രം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വാനോളം വാഴ്ത്തുകയും, വീഴ്ചകളെ മറച്ചുവെയ്ക്കുകയും ചെയ്യുന്ന ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ച് ശ്രദ്ധേയമാവുകയാണ് വീണ്ടും ടെലിഗ്രാഫ് പത്രം. സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്ന ആന്റി നാഷണല്‍, ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ തുടങ്ങിയ തലക്കെട്ടുകള്‍ക്ക് പിന്നാലെ, നെഹ്‌റുവിനെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം എന്ന തലക്കെട്ടുമായി രംഗത്തെത്തിയിരിക്കുകയാണ് ഈ പത്രം.

പോലീസ് പുറത്തിറക്കുന്ന ലുക്കൗട്ട് നോട്ടീസ് മാതൃകയിലാണ് പത്രത്തിലെ ഈ കോളം ഡിസൈന്‍ ചെയ്തിരിക്കുന്നത്. നെഹ്‌റുവിന്റെ ചിത്രം നല്‍കി താഴെ 1964 മേയ് 27മുതല്‍ കാണാനില്ലെന്നും കണ്ടെത്തുന്നവര്‍ ഈ പോലീസ് ഉദ്യോഗസ്ഥനെ അറിയിക്കണമെന്നും മോഡിയുടെ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നു.

യഥാര്‍ത്ഥ കുറ്റവാളിയായ നെഹ്‌റു ചെയ്ത കുറ്റങ്ങളെന്ന് പറഞ്ഞ് അക്കമിട്ട് നിരത്തുന്നത് വളരെ രസകരമായ പോയിന്റുകളാണ്. മോഡിയുടെ 2 കോടി ജോലി വാഗ്ദാനം അട്ടിമറിച്ചതും ഇഷ്ടഭക്ഷണം കഴിക്കുന്നതിന്റെ പേരില്‍ പൗരന്മാരെ തല്ലിക്കൊല്ലുന്നതില്‍ പരാജയപ്പെട്ടതും 15 ലക്ഷം രൂപ പൗരന്മാരുടെ അക്കൗണ്ടില്‍ ഇട്ടു കൊടുക്കുന്നതില്‍ നിന്നും മോഡിയെ വിലക്കിയതും ഒക്കെയാണ്.

ഈ പരിഹാസം തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ബിജെപിയോ പ്രധാനമന്ത്രിയോ പ്രതീക്ഷിച്ചതായിരിക്കില്ല. ഭരണപരാജയങ്ങളെ കുറിച്ച് വാര്‍ത്തകള്‍ വരുന്നതിനിടെ മുന്‍പ്രധാനമന്ത്രി നെഹ്‌റുവിനേയും മുന്‍യുപിഎ സര്‍ക്കാരുകളേയും കുറ്റപ്പെടുത്തുന്ന ബിജെപിയുടെ തന്ത്രത്തെ കണക്കറ്റ് പരിഹസിക്കുകയാണ് ഈ പത്രവാര്‍ത്തയിലൂടെ ടെലിഗ്രാഫ് ചെയ്യുന്നത്.

ആയുധധാരിയായ നെഹ്‌റുവിനെ ഭയക്കണമെന്നും അപകടകാരിയാണെന്നും അടുത്ത് പോകരുതെന്നും പ്രത്യേക നിര്‍ദേശവും ഇതില്‍ കുറിച്ചിരിക്കുന്നു. നെഹ്‌റുവിനെ കണ്ടെത്തി നല്‍കുന്നവര്‍ക്ക് മോഡി രചിച്ച എക്‌സാം വാരിയേര്‍സിന്റെ ഒരു കോപ്പി പാരിതോഷികം നല്‍കുമെന്നും ഈ ട്രോള്‍ വാര്‍ത്തയിലുണ്ട്.

Exit mobile version