അമ്മായിയമ്മ മരിച്ച വിഷമത്തില്‍ മരുമകള്‍ ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്തയ്ക്ക് പിന്നില്‍..! പോലീസ് ചുരുളഴിച്ചത് നടുക്കുന്ന കൊലപാതക കഥ!

മുംബൈ: സോഷ്യല്‍മീഡിയയിലും മാധ്യമങ്ങളിലും വലിയ വാര്‍ത്തയായിരുന്നു അമ്മായിയമ്മയുടെ മരണവാര്‍ത്തയറിഞ്ഞ് മരുമകള്‍ ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത. മഹാരാഷ്ട്രയില്‍ നടന്ന ഈ സംഭവം പുറത്തുവന്ന സമയം മുതല്‍ മരുമകളുടെ സ്‌നേഹത്തെ വാഴ്ത്താന്‍ സോഷ്യല്‍മീഡിയ സമയം ചെലവഴിച്ചപ്പോള്‍, പോലീസിന് ഇക്കാര്യത്തില്‍ സംശയമാണ് ഉയര്‍ന്നത്. സംഭവത്തില്‍ അന്വേഷണം നടത്തിയിരുന്ന പോലീസ് സംഘം ചര്‍ച്ചചെയ്തത് സംഭവം ഒരു കൊലപാതകമാകാനുള്ള സാധ്യതയിലേക്കാണ്.

ജുനരാജ് വാദ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവങ്ങളുടെ തുടക്കമിങ്ങനെ :- മഹാരാഷ്ട്രയിലെ കോലാപൂര്‍ ആപ്‌റ്റേ നഗര്‍ റസിഡന്‍ഷ്യല്‍ ഏരിയയിലെ താമസക്കാരിയായ 70 വയസുകാരി മാലതി (70) ഏറെ നാളായി കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ശനിയാഴ്ച രാവിലെ അവര്‍ മരണത്തിന് കീഴടങ്ങി. അന്നേ ദിവസം തന്നെ അവരുടെ മരുമകള്‍ ശുഭാംഗിയെ കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണു മരിച്ചനിലയില്‍ കണ്ടെത്തി.

അമ്മായിയമ്മ മരിച്ച ദുഃഖത്തില്‍ ശുഭാംഗി കെട്ടിടത്തിനു മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തതാണെന്നാണ് ബന്ധുക്കളും അയല്‍ക്കാരും പോലീസിനു മൊഴി നല്‍കി. എന്നാല്‍ ശുഭാംഗിയുടെ മരണത്തില്‍ സംശയം തോന്നിയ പോലീസ് ബന്ധുക്കളെയും അയല്‍ക്കാരെയും ചോദ്യം ചെയ്യുകയും രണ്ടു മൃതദേഹങ്ങളും പോസ്റ്റ്‌മോര്‍ട്ടത്തിന് അയയ്ക്കുകയും ചെയ്തു.

ഒടുവില്‍ എല്ലാ ദുരൂഹതകളും നീക്കി വിശദമായ റിപ്പോര്‍ട്ട് തന്നെ പോലീസ് പുറത്തുവിട്ടിരിക്കുകയാണ്. ശുഭാംഗിയുടേത്‌കൊലപാതകമാണെന്നാണ് പോലീസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. തന്റെ അമ്മ മരിച്ചതില്‍ ഭാര്യ ശുഭാംഗി വളരെയധികം സന്തോഷിച്ചിരുന്നെന്നും ഈ സംശയം ബലപ്പെട്ടപ്പോള്‍ താന്‍ തന്നെയാണ് ഭാര്യയെ കെട്ടിടത്തിനു മുകളില്‍ നിന്നു തള്ളിയിട്ട് കൊലപ്പെടുത്തിയതെന്നും ശുഭാംഗിയുടെ ഭര്‍ത്താവ് സന്ദീപ് ലോഖണ്ഡെ പോലീസിനോട് സമ്മതിക്കുകയും ചെയ്തു. ഭാര്യയുടെ മരണം ആത്മഹത്യയെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതി സന്ദീപ് ലോഖണ്ഡെ കുറ്റം സമ്മതിച്ചത്. 2 മക്കളാണ് സന്ദീപിനും ശുഭാംഗിക്കും.

Exit mobile version