കോണ്‍ഗ്രസ് 21 സീറ്റിലെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി; കേരളത്തില്‍ തീരുമാനം വൈകും

സോണിയാ ഗാന്ധിയുടേയും രാഹുലിന്റേയും സ്ഥാനാര്‍ത്ഥിത്വം ഉറപ്പുവരുത്തിയ ഒന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് നേരത്തെ പുറത്ത് വിട്ടിരുന്നു.

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയുമായി കോണ്‍ഗ്രസ്. ഉത്തര്‍പ്രദേശിലെയും മഹാരാഷ്ട്രയിലേയും തീരുമാനമായ 21 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടികയാണ് കോണ്‍ഗ്രസ് പുറത്തിറക്കിയത്. പട്ടിക പ്രകാരം രാജ് ബബ്ബര്‍ മൊറാദാബാദിലും പ്രിയാ ദത്ത് മുംബൈ നോര്‍ത്ത് സെന്‍ട്രലിലും മത്സരിക്കും. മിലിന്ദ് ഡിയോറ മുംബൈ സൗത്തിലും സുശീല്‍ കുമാര്‍ ഷിന്‍ഡെ സോളാപുരിലും നാംദേവ് ദുല്ലുജി ഉസേന്‍ഡി ഗാഡ്ചിരോലി-ചിമുര്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടും. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുരില്‍ നിന്ന് സഞ്ജയ് സിങും കാണ്‍പുരില്‍ നിന്ന് ശ്രീപ്രകാശ് ജയ്‌സ്വാളും മത്സരിക്കും.

ഉത്തര്‍പ്രദേശിലെ പതിനാറ് സീറ്റുകളിലും മഹാരാഷ്ട്രയിലെ അഞ്ച് സീറ്റുകളിലുമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയിരിക്കുന്നത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ സ്ഥാനാര്‍ഥി പട്ടിക ഇനിയും വരാനുണ്ട്.

സോണിയാ ഗാന്ധിയുടേയും രാഹുലിന്റേയും സ്ഥാനാര്‍ത്ഥിത്വം ഉറപ്പുവരുത്തിയ ഒന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് നേരത്തെ പുറത്ത് വിട്ടിരുന്നു. സോണിയ റായ്ബറേലിയിലും രാഹുല്‍ അമേഠിയിലും മത്സരിക്കും. 15 സ്ഥാനാര്‍ഥികളുടെ പട്ടികയായിരുന്നു ആദ്യഘട്ടത്തില്‍ പുറത്ത് വന്നത്.

Exit mobile version