തെരഞ്ഞെടുപ്പ് കാലത്തെ റോഡ് ഷോകളും ബൈക്ക് റാലികളും നിരോധിക്കണം; സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കാലത്തെ വാഹന റാലികളും റോഡ് ഷോകളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ഉത്തര്‍പ്രദേശ് മുന്‍ ഡിജിപി വിക്രം സിങും പരിസ്ഥിതിവാദിയായ ശൈവിക അഗര്‍വാളുമാണ് തെരഞ്ഞെടുപ്പ് റാലികളും റോഡ് ഷോകളും നിരോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടണമെന്ന ഹര്‍ജിയുമായി പരമോന്നത നീതിപീഠത്തെ സമീപിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ റാലികളുടെ പദ്ധതികള്‍ തയ്യാറാക്കുന്ന പശ്ചാത്തലത്തിലാണ് കോടതിയ്ക്ക് മുന്നില്‍ ഹര്‍ജി എത്തിയിരിക്കുന്നത്. എന്നാല്‍ വിഷയം അടിയന്തര ഹര്‍ജിയായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌യും ജസ്റ്റിസുമാരായ ദീപക് ഗുപ്തയും സഞ്ജിവ് ഖന്നയും ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

തെരഞ്ഞെടുപ്പ് സമയത്തെ റോഡ് ഷോകളും റാലികളും പൊതുജനങ്ങളുടെ സാധാരണ ജീവിതത്തെ വലയ്ക്കുന്നുണ്ടെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. പരിസ്ഥിതി-വായു മലിനീകരണത്തിന് കാരണമാകുന്ന വാഹന റാലികള്‍ ഗതാഗത സ്തംഭനത്തിനും ഇതുവഴി പൊതുജനങ്ങളുടെ സഞ്ചാരത്തിനും തടസം സൃഷ്ടിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു.

നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പത്ത് വാഹനങ്ങളേക്കാള്‍ കൂടുതല്‍ വാഹനങ്ങള്‍ പങ്കെടുക്കുന്ന റാലികള്‍ക്ക് നിയന്ത്രണമുണ്ടെന്നും വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന നിബന്ധനയുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടണമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. വിരാഗ് ഗുപ്ത കോടതിയില്‍ വാദിച്ചു.

വാഹനറാലികളിലെ നിരകള്‍ തമ്മില്‍ 200 മീറ്ററിന്റെ ദൂരം പാലിക്കണമെന്നും റാലിയില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണവും വാഹനങ്ങളുടെ എണ്ണവും കാണിച്ച് മുന്‍കൂര്‍ അനുമതി തേടണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നുണ്ടെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടി പോലും ഇക്കാര്യം പാലിക്കാറില്ലെന്നും നിര്‍ദേശങ്ങള്‍ വെള്ളപേപ്പറില്‍ ഒതുങ്ങുകയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

രഥയാത്രകളെന്ന പേരില്‍ മോടി പിടിപ്പിച്ച് അലങ്കരിച്ച ‘രാജകീയ’ വാഹനങ്ങള്‍ ഈ ജനാധിപത്യ കാലത്ത് ഉപയോഗിക്കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൃത്യമായ നിരീക്ഷണം നടത്തണമെന്നും രെരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുവദിച്ച തുകയേക്കാള്‍ കൂടുതല്‍ ഇത്തരം റാലികളില്‍ ചെലവാക്കപ്പെടുന്നത് ശ്രദ്ധിക്കണമെന്നും വാദം ഉയര്‍ന്നു.

മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി ഇതുപോലെ സുരക്ഷിതമല്ലാത്ത തെരഞ്ഞെടുപ്പ് റാലിയിലാണ് കൊല്ലപ്പെട്ടതെന്ന് ചൂണ്ടിക്കാണിച്ച ഹര്‍ജിക്കാര്‍, പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടതും സമാനമായ ഒരു രാഷ്ട്രീയ റാലിയിലാണെന്നും വിശദീകരിച്ചു.

Exit mobile version