വിവാഹമുറപ്പിച്ചത് മൂന്നാം വയസില്‍ മാതാപിതാക്കള്‍; മുതിര്‍ന്നപ്പോള്‍ വിവാഹത്തിന് യുവതിക്ക് വിസമ്മതം; 20 ലക്ഷം രൂപ നഷ്ടപരിഹാരം തേടി വരന്റെ വീട്ടുകാര്‍; ഒടുവില്‍ മനംനൊന്ത് പോലീസ് സ്‌റ്റേഷനില്‍ യുവതിയുടെ ആത്മഹത്യാ ശ്രമം

ജോധ്പുര്‍: മൂന്നാം വയസ്സില്‍ മാതാപിതാക്കള്‍ ഉറപ്പിച്ച വിവാഹത്തിന് വരന്റെ വീട്ടുകാര്‍ നിര്‍ബന്ധിക്കുന്നതില്‍ മനംനൊന്ത് പോലീസ് സ്‌റ്റേഷനില്‍ യുവതിയുടെ ആത്മഹത്യാ ശ്രമം. രാജസ്ഥാനിലെ ജോധ്പുര്‍ സ്വദേശിനിയായ ഇരുപത്തിരണ്ടുകാരി ദിവ്യ ചൗധരിയാണു പോലീസ് സ്റ്റേഷനില്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്. വരന്റെ വീട്ടുകാര്‍ക്കും പഞ്ചായത്ത് അധികൃതര്‍ക്കും എതിരെ നിരവധി തവണ പരാതി നല്‍കിയിട്ടും പോലീസ് നടപടി സ്വീകരിക്കാത്തതില്‍ മനംനൊന്തായിരുന്നു ദിവ്യയുടെ ആത്മഹത്യാ ശ്രമം.

സംഭവം ഇങ്ങനെ: ദിവ്യയും ജീവ്രാജുമായുള്ള വിവാഹം ഇരുവരുടെയും മൂന്നാം വയസ്സില്‍ മാതാപിതാക്കള്‍ ഉറപ്പിച്ചു. പിന്നീട്, വിവാഹത്തിനു താല്‍പര്യമില്ലെന്നു ദിവ്യ നിരവധി തവണ അറിയിച്ചിരുന്നെങ്കിലും ജീവ്രാജിന്റെ വീട്ടുകാര്‍ സമ്മതിച്ചില്ല. ഒടുവില്‍, പഞ്ചായത്തില്‍ പരാതി നല്‍കി. എന്നാല്‍ ഉറപ്പിച്ച വിവാഹത്തില്‍നിന്നു പിന്മാറിയതിന് ജീവ്രാജിന്റെ കുടുംബത്തിന് 16 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ പഞ്ചായത്ത് നിര്‍ദേശിച്ചു. ഇതിനെതിരെ ദിവ്യ പോലീസില്‍ പരാതി നല്‍കി.

ജീവ്രാജിന്റെ കുടുംബം അപ്പോഴും വിവാഹത്തിനു നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു. നിരവധി തവണ പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. അതിനിടെ, പരാതി പിന്‍വലിച്ചില്ലെങ്കില്‍ 20 ലക്ഷം രൂപ നല്‍കണമെന്നും പരസ്യമായി മാപ്പു പറയണമെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ദിവ്യ പോലീസ് സ്റ്റേഷനില്‍ മാതാപിതാക്കളോടൊപ്പമെത്തി ആത്മഹത്യയ്ക്കു ശ്രമിച്ചത്.

വീട്ടില്‍നിന്നു പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത രീതിയിലുള്ള സമ്മര്‍ദ്ദത്തിലാണു താനെന്നു ദിവ്യ പറഞ്ഞു. സംഭവത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നു വീഴ്ച സംഭവിച്ചോയെന്ന് അന്വേഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു. പരാതിയില്‍ പഞ്ചായത്ത് സര്‍പഞ്ച് ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ കേസെടുത്തു. കേസിന്റെ അന്വേഷണം പട്ടികജാതി സെല്ലിലെ ഡിഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനു കൈമാറിയതായും അവര്‍ പറഞ്ഞു.

Exit mobile version