റാഫേല്‍ വിവാദത്തിനിടെ രാജ്‌കോട്ടില്‍ വിമാനത്താവളം; റിലയന്‍സിന് 648 കോടിയുടെ കരാര്‍

ന്യൂഡല്‍ഹി: റാഫേല്‍ വിവാദത്തിനിടെ ഗുജറാത്തില്‍ വിമാനത്താവളം നിര്‍മിക്കുന്നതിന് അനില്‍ അംബാനിക്ക് 648 കോടിയുടെ കരാര്‍. രാജ്‌കോട്ടിലെ ഹിരാസറില്‍ വിമാനത്താവളം നിര്‍മിക്കുന്നതിനാണ് റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ കരാര്‍ നല്‍കിയത്.

എല്‍ ആന്‍ഡ് ടി, അഫ്‌കോന്‍സ്, ദിലിപ് ബില്‍ഡ് കണ്‍സ്ട്രക്ഷന്‍സ്, ഗായത്രി പ്രൊജക്ട് തുടങ്ങി ഒമ്പതോളം കമ്പനികളെ പിന്തള്ളിയാണ് അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ കരാര്‍ സ്വന്തമാക്കിയത്. സാങ്കേതിക മികവില്‍ 92.2 എന്ന ഉയര്‍ന്ന സ്‌കോറാണ് റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ നേടിയത്.

വിമാനത്താവള ഡിസൈനിംഗ്, എന്‍ജിനീയറിംഗ്, റണ്‍വേകളുടെ നിര്‍മാണം, ടാക്‌സിവേ, അപ്രോണ്‍, ഫയര്‍ സ്‌റ്റേഷന്‍ എന്നിവയുടെ നിര്‍മാണം ടെസ്റ്റനിംഗ് ആന്‍ഡ് കമ്മിഷനിംഗ് ഓഫ് ഇന്‍സ്ട്രുമെന്റ് ലൈറ്റനിംഗ് സിസ്റ്റം എന്നിവയെല്ലാമാണ് അനില്‍ അംബാനിയുടെ കമ്പനി നിര്‍വഹിക്കുക. 30 മാസം കൊണ്ട് വിമാനത്താവളത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നാണ് കരാര്‍.

അഹമ്മദാബാദില്‍ നിന്ന് രാജ്‌കോട്ടിലേക്ക് പോകുന്ന ദേശീയപാതയുടെ സമീപത്താണ് പുതിയ വിമാനത്താവളം നിര്‍മ്മിക്കുന്നത്.

Exit mobile version