വീണ്ടും നിലപാട് മാറ്റി കേന്ദ്രം; കൊല്ലപ്പെട്ട ഭീകരരുടെ കണക്ക് കേന്ദ്ര സര്‍ക്കാരിന്റെ പക്കലില്ല; ബലാക്കോട്ട് ആക്രമണവും തെരഞ്ഞെടുപ്പും തമ്മില്‍ ബന്ധമില്ലെന്നും പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന നടത്തിയ ബലാകോട്ട് പ്രത്യാക്രമണം തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയക്കളിയെന്ന ആരോപണത്തെ തള്ളി പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍. തെരഞ്ഞെടുപ്പും വ്യോമാക്രമണവും തമ്മില്‍ ബന്ധമില്ലെന്നും ആക്രമണത്തില്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടു എന്നതിന്റെ കണക്ക് കേന്ദ്രസര്‍ക്കാരിന്റെ പക്കലില്ലെന്നും പ്രതിരോധമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

വിദേശകാര്യ സെക്രട്ടറി പറഞ്ഞതാണ് ഇന്ത്യന്‍ നിലപാട്. പാകിസ്താനിലെ ജയ്‌ഷെ മുഹമ്മദിന്റെ ഭീകര പരിശീലന ക്യാംപിന് നേരെ ഇന്ത്യ തിരിച്ചടിക്കുകയാണ് ചെയ്തത്. ഇത് പാകിസ്താനെതിരെയുള്ള സൈനിക നടപടിയല്ലെന്നും മുന്‍ കരുതലെന്ന നിലയില്‍ ഇന്ത്യ സ്വീകരിച്ച നടപടി മാത്രമാണെന്നും മന്ത്രി വിശദീകരിച്ചു.

നേരത്തേ അഹമ്മദാബാദില്‍ നടന്ന ഒരു പാര്‍ട്ടി പരിപാടിയില്‍ ബാലാകോട്ടില്‍ 250 ഭീകരരെ ഇന്ത്യ വധിച്ചുവെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ അവകാശപ്പെട്ടിരുന്നു.

അന്നുതന്നെ വ്യോമസേനാ മേധാവി ബിഎസ് ധനോവ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, എത്ര പേര്‍ മരിച്ചെന്ന കണക്കെടുക്കുന്നത് കേന്ദ്രസര്‍ക്കാരാണ്, വ്യോമസേനയല്ല എന്നാണ് വിശദീകരിച്ചത്. ‘എത്ര പേര്‍ മരിച്ചു എന്ന കണക്ക് വ്യോമസേനയ്ക്ക് എടുക്കാനാകില്ല. അവിടെ എത്ര പേരുണ്ടായിരുന്നോ അവരൊക്കെ മരിച്ചിട്ടുണ്ടാകും.’ എന്നായിരുന്നു ബിഎസ് ധനോവയുടെ പ്രതികരണം.

Exit mobile version