ബലാക്കോട്ടില്‍ ഇന്ത്യ വ്യോമാക്രമണം നടത്തുന്നതിന് തൊട്ടുമുമ്പ് ജയ്‌ഷെ മദ്രസയിലെ വിദ്യാര്‍ത്ഥികളെ പാകിസ്താന്‍ സൈന്യം ഒഴിപ്പിച്ചു; റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം പുല്‍വാമയിലെ ആക്രമണത്തിന് മറുപടിയായി ബലാക്കോട്ടിലെ ഭീകരകേന്ദ്രത്തില്‍ നടത്തിയ വ്യോമാക്രമണത്തെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇന്ത്യന്‍ വ്യോമസേനയുടെ വ്യോമാക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ബലാക്കോട്ടിലെ ജയ്‌ഷെ മുഹമ്മദ് നടത്തിയിരുന്ന മദ്രസയിലെ വിദ്യാര്‍ത്ഥികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രദേശത്തെ ജയ്‌ഷെയുടെ പ്രധാന മതപഠന കേന്ദ്രമായ തമീം ഉല്‍ ഖുറാന്‍ മദ്രസയാണ് ഇന്ത്യന്‍സേന ലക്ഷ്യം വെച്ചത്.

ഇവിടെ ആക്രമണമുണ്ടാകുന്നതിന് ഒരു മാസം മുമ്പ് തന്നെ പാകിസ്താന്‍ സൈന്യം സുരക്ഷയേര്‍പ്പെടുത്തിയിരുന്നെന്നും ഒരു വിദ്യാര്‍ത്ഥിയുടെ ബന്ധു വെളിപ്പെടുത്തുന്നു. ആക്രമണത്തിന് മുമ്പായി പാകിസ്താന്‍ സൈന്യമെത്തിയാണ് വിദ്യാര്‍ത്ഥികളെ സമീപത്തെ സുരക്ഷിതമായ ഭവനുകളിലേക്ക് മാറ്റിയതെന്നും, ആക്രമണത്തിനു ശേഷം മൂന്ന്-നാല് ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് വിദ്യാര്‍ത്ഥികളെ സ്വന്തം ഭവനങ്ങളിലേക്ക് അയച്ചതെന്നും ഇവരുടെ ബന്ധുക്കള്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസിലെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ഫെബ്രുവരി 26ന് പുലര്‍ച്ചെ മദ്രസയില്‍ കിടന്നുറങ്ങവേ വലിയൊരു പൊട്ടിത്തെറിയുടെ ശബ്ദം കേട്ടെന്നും വളരെ അടുത്തു നിന്നും കേട്ട ശബ്ദം പിന്നീട് കേള്‍ക്കാതായതോടെ വീണ്ടും ഉറക്കത്തിലേക്ക് തങ്ങള്‍ മടങ്ങിയെന്നും ഒരു വിദ്യാര്‍ത്ഥി വെളിപ്പെടുത്തുന്നു. എന്നാല്‍ പിന്നീട് സൈനികരെത്തി വിളിച്ചുണര്‍ത്തിയാണ് തങ്ങളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതെന്നും വിദ്യാര്‍ത്ഥിയുടെ മൊഴിയില്‍ പറയുന്നു.

Exit mobile version