2002ന് ശേഷം കാശ്മീരില്‍ ഏറ്റവും കൂടുതല്‍ രക്തം ചിന്തിയ ഫെബ്രുവരി ഈ വര്‍ഷത്തേത്; കൊല്ലപ്പെട്ടത് 49 സൈനികര്‍; ഏറ്റുമുട്ടലില്‍ ഭീകരരേക്കാള്‍ കൂടുതല്‍ ജീവന്‍ നഷ്ടമാകുന്നത് സൈനികര്‍ക്ക്

ന്യൂഡല്‍ഹി: കാശ്മീരിലെ ഭീകരരരുമായുള്ള ഏറ്റുമുട്ടലുകളില്‍ ഭീകരേക്കാള്‍ കൂടുതല്‍ സൈനികര്‍ കൊല്ലപ്പെടുന്നെന്ന് റിപ്പോര്‍ട്ട്. ഒരു ഭീകരനെ വധിക്കാനായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ എന്ന കണക്കിലാണ് ഇന്ത്യന്‍ സൈന്യത്തിന്റെ നഷ്ടമെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

കാശ്മീരില്‍ 2002ന് ശേഷം ഏറ്റവും കൂടുതല്‍ രക്തം ചിന്തിയത് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുല്‍വാമയില്‍ ഫെബ്രുവരി 14ന് നടന്ന ചാവേറാക്രമണത്തില്‍ 40 സൈനികര്‍ കൊല്ലപ്പെട്ടതുള്‍പ്പടെ വിവിധ ആക്രമണങ്ങളിലായി 49 സൈനികരാണ് വീരമൃത്യു വരിച്ചത്. മറ്റ് ഏറ്റുമുട്ടലുകളിലായി പത്ത് ഭീകരരും ഒരു കാശ്മീര്‍ പൗരനും കൊല്ലപ്പെട്ടു. 2002 ന് ശേഷം ഒരു ഫെബ്രുവരിയില്‍ ഏറ്റവും കൂടുതല്‍ സൈനികര്‍ കൊല്ലപ്പെടുന്നത് ഈവര്‍ഷമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2002 ഫെബ്രുവരിയില്‍ 68 പേര്‍ക്കാണ് കാശ്മീരില്‍ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജീവന്‍ നഷ്ടപ്പെട്ടത്. 2014 ല്‍ 41 ഉം 2015 ല്‍ 47 ഉം സൈനികരാണ് ആകെ കൊല്ലപ്പെട്ടിരുന്നത്. എന്നാല്‍ അതില്‍ കൂടുതല്‍ സൈനികരാണ് കഴിഞ്ഞ മാസം മാത്രം കൊല്ലപ്പെട്ടത്. അതേസമയം, കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കാശ്മീരില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 285 ശതമാനം വര്‍ധിച്ചതായാണ് കണക്ക്. 2012 ല്‍ 117, 2013 ല്‍ 181, 2014 ല്‍ 189, 2015 ല്‍ 175, 2016 ല്‍ 267, 2017 ല്‍ 357, 2018 ല്‍ 451 എന്നിങ്ങനെയാണ് കണക്ക്.

കാശ്മീരില്‍ ഭരണകൂടം നടപ്പാക്കാന്‍ ശ്രമിക്കുന്ന തെറ്റായ നയങ്ങളുടെ ഭാഗമായാണ് സൈനികര്‍ക്കും പൊതുജനങ്ങള്‍ക്കും ജീവന്‍ നഷ്ടമാകുന്നതെന്നും പുല്‍വാമ സൈന്യത്തിന്റെ സുരക്ഷാ വീഴ്ചയും മരണനിരക്ക് ഉയരാന്‍ ഇടയാക്കുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Exit mobile version