രാജ്യത്തെ എല്ലാ പൗരന്മാരുടെയും മൂത്രം ശേഖരിക്കണം, ശേഷം അതില്‍ നിന്ന് കീടനാശിനി ഉണ്ടാക്കണം! ഇതിലൂടെ യൂറിയ ഇറക്കുമതി നിര്‍ത്തലാക്കുകയും ചെയ്യണം; പുത്തന്‍ ആശയം മുന്‍പോട്ട് വെച്ച് നിതിന്‍ ഗഡ്കരി

വിമാനത്താവളങ്ങളിലെ മൂത്രം ശേഖരിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പൗരന്മാരുടെയും മൂത്രം ശേഖരിച്ച് അതില്‍ നിന്ന് കീടനാശിനി ഉണ്ടാക്കണമെന്ന പുതിയ നിര്‍ദേശം മുന്‍പോട്ട് വെച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഈ പ്രവര്‍ത്തനത്തിലൂടെ രാജ്യത്ത് യൂറിയ ഇറക്കുമതി തടയാനാകും എന്ന് അദ്ദേഹം പറയുന്നു. നാഗ്പൂരിലെ യംങ്ങ് ഇന്നവേറ്റേഴ്സ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗഡ്കരി.

മനുഷ്യന്റെ മൂത്രം പോലും ജൈവ ഇന്ധനം ഉണ്ടാക്കാന്‍ ഉപയോഗിക്കാമെന്നും, അതില്‍ നിന്ന് അമോണിയം സള്‍ഫേറ്റ്, നൈട്രജന്‍ എന്നിവ ലഭിക്കുമെന്നും ഗഡ്കരി പറയുന്നു. ‘വിമാനത്താവളങ്ങളിലെ മൂത്രം ശേഖരിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നമ്മള്‍ യൂറിയ ഇറക്കുമതി ചെയ്യുകയാണ്. എന്നാല്‍ നമ്മള്‍ രാജ്യത്തെ മുഴുവന്‍ മൂത്രവും ശേഖരിക്കുകായണെങ്കില്‍ നമുക്ക് പിന്നെ യൂറിയ ഇറക്കുമതി ചെയ്യേണ്ട ആവശ്യമുണ്ടാകില്ല. അത്രയ്ക്ക് കഴിവുണ്ടതിന്. ഒന്നും വെറുതെയാവുകയുമില്ല’- കേന്ദ്ര മന്ത്രി പറഞ്ഞു.

എന്നാല്‍ തന്റെ നവീനമായ ആശയങ്ങള്‍ക്ക് പിന്തുണ ലഭിക്കുന്നില്ലെന്നും ഗഡ്കരി തുറന്ന് പറയുന്നുണ്ട്. ‘മറ്റുള്ള ആളുകള്‍ ഞാനുമായി സഹകരിക്കില്ല, കാരണം എന്റെ ആശയങ്ങളെല്ലാം നല്ലതാണെന്ന് അറിയാം. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പോലും എന്നെ സഹായിക്കില്ല. കാരണം സര്‍ക്കാറില്‍ ആളുകളെ അങ്ങോട്ടുമിങ്ങോട്ടും നോക്കുന്ന മദം പൊട്ടിയ കാളകളെപ്പോലെ പെരുമാറാനാണ് പരിശീലിപ്പിക്കുന്നത്’- ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

Exit mobile version