വ്യോമാക്രമണം; ലോകം വിശ്വസിക്കണമെങ്കില്‍ അതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ടത്; പി ചിദംബരം

തന്റെ ട്വിറ്ററിലൂടെയാണ് അദ്ദേഹം വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്

ന്യൂഡല്‍ഹി: ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയെന്നത് ലോകം വിശ്വസിക്കണമെങ്കില്‍ അതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്ന് മുന്‍ ധനമന്ത്രി പി ചിദംബരം. തന്റെ ട്വിറ്ററിലൂടെയാണ് അദ്ദേഹം വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്.

അഭിമാനമുള്ള ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ ഞാന്‍ സര്‍ക്കാര്‍ പറയുന്നത് വിശ്വസിക്കാന്‍ തയ്യാറാണ്. പക്ഷേ നമുക്ക് ലോകത്തെ വിശ്വസിപ്പിക്കണമെങ്കില്‍ അതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തേണ്ടത് അല്ലാതെ പ്രതിപക്ഷത്തെ വിമര്‍ശിക്കലല്ലയെന്ന് ചിദംബരം കുറിച്ചു.

ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്ക് പുറത്ത് വിടാന്‍ ഇന്ത്യന്‍ വ്യോമസേന വൈസ് എയര്‍മാര്‍ഷല്‍ വിസമ്മതിച്ചു. അതേസമയം സാധാരണ ജനങ്ങള്‍ക്കോ ഏതെങ്കിലും സൈനികനോ അപകടം ഉണ്ടായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നുണ്ട്. പിന്നെ ആരാണ് 300-350 പേര്‍ കൊല്ലപ്പെട്ടുവെന്ന് കണക്ക് പുറത്ത് വിട്ടതെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ചോദിക്കുന്നു.

വ്യോമസേനയുടെ ഈ നേട്ടത്തെ ആദ്യമായി അഭിനന്ദിച്ചത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയായിരുന്നു. എന്തുകൊണ്ടാണ് നമ്മുടെ പ്രധാനമന്ത്രി മോഡി അത് മറന്നു പോയതെന്നും ചിദംബരം ട്വിറ്ററില്‍ കുറിച്ചു.

Exit mobile version