വ്യാജ വാഗ്ദാനം നല്‍കി പറ്റിച്ചു! തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനമില്ല, പ്രധാനമന്ത്രിയ്‌ക്കെതിരെ കേസ്

ന്യൂഡല്‍ഹി: ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിലുറപ്പ് വേതനം നല്‍കാത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരേ കേസ്. ഒന്‍പത് സംസ്ഥാനങ്ങളിലെ 50 ജില്ലകളില്‍ നിന്നുള്ളവരാണ് പ്രധാനമന്ത്രിക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ദേശീയ തൊഴിലുറപ്പ് പദ്ധതിയിലുള്ളവര്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘര്‍ഷ് മോര്‍ച്ച എന്ന സംഘടനയുടെ നേതൃത്വത്തിലാണ് തൊഴിലാളികളുടെ നടപടി. നരേന്ദ്ര മോഡിയെ അറസ്റ്റ് ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 116, 420 വകുപ്പുകള്‍ പ്രകാരം 150 പോലീസ് സ്റ്റേഷനുകളിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബീഹാര്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, കര്‍ണാടക, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഗുജറാത്ത് എന്നി സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് പരാതിക്കാര്‍ ഏറെയും.

2018 ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള വേതനം നല്‍കിയിട്ടില്ലെന്നും വേതനം നല്‍കുന്നതു സംബന്ധിച്ചു പ്രധാനമന്ത്രി വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. അഞ്ച് മാസത്തെ വേതനമായി 9,573 കോടി രൂപയാണ് നല്‍കാനുള്ളത്. ഇത് ദേശീയ തൊഴിലുറപ്പ് നിയമത്തിന്റെ ലംഘനമാണെന്നും പരാതിക്കാര്‍ ആരോപിക്കുന്നു.

Exit mobile version