തീവ്രവാദത്തെ മന്‍മോഹന്‍ സിങും വാജ്‌പേയിയും നേരിട്ടത് നിശബ്ദമായും ശക്തമായും; മോഡിയാകട്ടെ അങ്ങേയറ്റം വഷളാക്കി; കുറ്റപ്പെടുത്തി മുന്‍ റോ മേധാവി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്ക് എതിരെ കടുത്ത വിമര്‍ശനങ്ങളുമായി റോ മുന്‍ മേധാവി എഎസ് ദുലത്. ഭീകരാവാദവുമായി ബന്ധപ്പെട്ട വിഷയം അങ്ങേയറ്റം വഷളാക്കുകയാണ് പ്രധാനമന്ത്രി മോഡി ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. കാരവന്‍ മാഗസിനില്‍ അര്‍ഷു ജോണുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മന്‍മോഹന്‍ സിങ്, വാജ്പേയി തുടങ്ങിയവര്‍ പ്രധാനമന്ത്രിയായിരുന്ന വേളയില്‍ തീവ്രവാദമെന്ന വിഷയത്തെ നേരിട്ട രീതി വിശദീകരിച്ചുകൊണ്ടാണ് അദ്ദേഹം മോഡിയെ വിമര്‍ശിക്കുന്നത്. മന്‍മോഹനായാലും വാജ്പേയിയായാലും തങ്ങള്‍ക്ക് വലിയ പ്രഖ്യാപനങ്ങളൊന്നും നടത്താതെ ചെയ്യാനുളളത് നിശബ്ദമായി പ്രവര്‍ത്തിക്കുകയാണ് ചെയ്ത്. എന്നാല്‍ മോഡി അതിനെ അങ്ങേയറ്റം വഷളാക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

‘അപകടകാരിയായ അയല്‍ക്കാര്‍ക്ക് അരികിലാണ് നമ്മളുള്ളത്. പരീക്ഷണങ്ങളെ ഓരോ പ്രധാനമന്ത്രിയും എങ്ങനെ അതിജീവിച്ചുവെന്നതാണ് അവരുടെ മഹത്വം നിശ്ചയിക്കുന്നത്. മൂന്നോ നാലോ തവണയാണ് വാജ്പേയി ഈ പ്രതിസന്ധി നേരിട്ടത്. 1999ല്‍ അദ്ദേഹം കാര്‍ഗില്‍ യുദ്ധം നേരിട്ടു. അതേവര്‍ഷം ഇന്ത്യന്‍ വിമാനം ഐസി 8-14 റാഞ്ചി. 2001ല്‍ പാര്‍ലമെന്റ് ഭീകരാക്രമണവും. എന്നിട്ടും അദ്ദേഹം പ്രകോപനം ഒഴിവാക്കി. 2004 ജനുവരിയില്‍ അദ്ദേഹം സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജിയണല്‍ കോര്‍പ്പറേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനായി പാകിസ്താനിലേക്ക് പോവുകയും, ഭീകരവാദത്തിന് പാകിസ്താന്‍ അതിര്‍ത്തി ഉപയോഗിക്കാന്‍ സമ്മതിക്കില്ലെന്ന് അന്നത്തെ പാകിസ്താന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ കൊണ്ട് പറയിപ്പിക്കാന്‍ വാജ്പേയിക്ക് സാധിച്ചെന്നും അദ്ദേഹം വിശദീകരിക്കുന്നു.

‘2008 നവംബറിലെ മുംബൈ ആക്രമണം പോലെ പല പ്രതിസന്ധി ഘട്ടവും മന്‍മോഹന്‍ സിങും നേരിട്ടിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ മോഡി താരതമ്യേന ഭാഗ്യവാനാണ്. അദ്ദേഹം അഭിമുഖീകരിച്ച വലിയ പ്രശ്നം പുല്‍വാമ മാത്രമാണ്.’ ദുലിത് പറയുന്നു.

ബലാകോട്ട് വിഷയത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രതികരണം താല്‍പര്യമുണര്‍ത്തുന്നത് ആണെന്നും അദ്ദേഹം പ്രതികരിച്ചു.

Exit mobile version