‘ഇമ്രാന്‍ ഖാന്റെ വലിയ വിമര്‍ശകനായിരുന്നു ഞാന്‍; എന്നാല്‍ ഇപ്പോള്‍ ആരാധകനായി മാറി’; ജസ്റ്റിസ് കട്ജു

ന്യൂഡല്‍ഹി: സംയമനത്തോടെയുള്ള പാകിസ്താന്‍ പ്രധാനമന്ത്രിയുടെ പ്രസംഗം തന്നെ അദ്ദേഹത്തിന്റെ വലിയ ആരാധകനാക്കി മാറ്റിയെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി, ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ഇമ്രാന്‍ ഖാന്റെ വിമര്‍ശകനായിരുന്ന താന്‍ ഇന്ന് അദ്ദേഹത്തിന്റെ ആരാധകനായി മാറിയെന്ന് അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചു.

‘നേരത്തെ ഞാന്‍ ഇമ്രാന്‍ ഖാന്‍ വിമര്‍ശകനായിരുന്നു. എന്നാല്‍ ടിവിയില്‍ അദ്ദേഹം നല്‍കിയ ബുദ്ധിപരമായ, സംയമനത്തോടെയുള്ള പ്രസംഗത്തിനുശേഷം ഞാന്‍ അദ്ദേഹത്തിന്റെ ആരാധകനായി മാറി.’ എന്നാണ് കട്ജുവിന്റെ ട്വീറ്റ്.

ഭീകരവാദത്തെക്കുറിച്ച് ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ പാകിസ്താന്‍ സന്നദ്ധമാണെന്ന് അറിയിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കഴിഞ്ഞദിവസം ജനങ്ങളെ അഭിസംബോധന ചെയ്ത് ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പാകിസ്താന്‍ ഭൂമി തീവ്രവാദത്തിന് ഉപയോഗിക്കുന്നത് പാകിസ്താന് താല്‍പര്യമില്ലാത്ത കാര്യമാണെന്നും, അതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് ഇന്ത്യയ്ക്ക് ഉറപ്പു നല്‍കിയതായും അദ്ദേഹം പറഞ്ഞിരുന്നു.

ഇന്ത്യയ്ക്ക് ഇവിടെ വരാമെങ്കില്‍ ഞങ്ങള്‍ക്ക് അവിടെയും വരാം എന്ന സന്ദേശം കൈമാറണമെന്ന് മാത്രമായിരുന്നു പാകിസ്താന്‍ നടപടിയുടെ ഉദ്ദേശ്യം എന്നും ഇമ്രാന്‍ ഖാന്‍ വിശദീകരിച്ചിരുന്നു. നയപരമായ ഈ പ്രസംഗമാണ് കട്ജുവിന്റെ ട്വീറ്റിന് ആധാരം.

Exit mobile version